ജിദ്ദ: രാജ്യത്ത് സൗദി വത്ക്കരണത്തിന് തിരിച്ചടിയായി വിദേശ തൊഴിലാളികളുടെ നിയമനം തകൃതിയായി നടക്കുന്നു. സ്വദേശികൾക്ക് തൊഴിൽ നേടിക്കൊടുക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടന്നു വരുന്നതിനിടെ 1.2 മില്യൺ വിദേശ തൊഴിലാളികളെ ഒരു വർഷം നിയമിക്കുന്നുണ്ടെന്നാണ് സൗദി സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തൽ. വിദേശ തൊഴിലാളികളുടെ കടന്നു കയറ്റം സ്വദേശീവത്ക്കരണത്തിന് തടസമാകുന്നുണ്ടെന്നും സർക്കാർ തങ്ങളുടെ റിക്രൂട്ട്‌മെന്റ് പോളിസി വിലയിരുത്തണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.

ഒരു മില്യണിലധികം സൗദി സ്വദേശികൾ ജോലിക്കായി കാത്തുനിൽക്കുമ്പോഴാണ് ഒരു വർഷം തന്നെ 1.2 മില്യൺ വിദേശ തൊഴിലാളികളെ നിയമിക്കുന്നതെന്ന് ഇക്കണോമിസ്റ്റ് അബ്ദുള്ള അൽ മഗ്ലൗത്ത് അഭിപ്രായപ്പെട്ടു. തൊഴിൽരഹിതരായ ഒരു മില്യണിലധികം സ്വദേശികൾക്ക് ജോലി കണ്ടെത്തുയെന്നത് ഇപ്പോൾ സർക്കാരിന് മുമ്പിലുള്ള വെല്ലുവിളിയാണെന്നും അൽ മഗ്ലൗത്ത് ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ സ്വദേശികൾ 15 ശതമാനം മാത്രമേ തൊഴിൽ ചെയ്യുന്നുള്ളൂ. സ്വകാര്യമേഖലയിലെ തൊഴിലിന്റെ സിംഹഭാഗവും വിദേശികളാണ് കൈയടക്കിയിരിക്കുന്നത്. 1.4 മില്യൺ സ്വദേശികൾ സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യുമ്പോൾ വിദേശീയരുടെ എണ്ണമാകട്ടെ 7.5 മില്യൺ കവിയും. നിതാഖാത് സംവിധാനത്തിലൂടെ സ്വദേശികൾക്ക് 750,000 തൊഴിൽ സാധ്യത ഉറപ്പാക്കാൻ സർക്കാരിനായിട്ടുണ്ടെന്ന് ലേബർ മിനിസ്ട്രി വെളിപ്പെടുത്തി.

അതേസമയം കുറഞ്ഞ വേതനത്തിൽ 12 മണിക്കൂർ ജോലി ചെയ്യാൻ വിദേശി തയാറാകുമ്പോൾ സ്വദേശി അതിനു വഴങ്ങുന്നില്ല. അതാണ് സ്വകാര്യ കമ്പനികൾ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ താത്പര്യം കാട്ടുന്നതെന്ന് അൽ മഗ്ലൗത്ത് എടുത്തുപറഞ്ഞു. കൂടാതെ മാനവവിഭവശേഷി രൂപീകരണത്തിന് സൗദി സർക്കാർ ാേരോ വർഷവും കോടികൾ മുടക്കുന്നുണ്ടെങ്കിലും അതിന്റെ ഫലങ്ങളൊന്നും കാണുന്നില്ലെന്നും അൽ മഗ്ലൗത്ത് വ്യക്തമാക്കി. വിദ്യാഭ്യാസം, ട്രെയിനിങ് എന്നിവയിലൂടെ സ്വദേശികളെ കൂടുതൽ തൊഴിൽ രംഗത്തേക്ക് അടുപ്പിക്കാനാണ് തുക ചെലവാക്കുന്നത്.

സൗദിയുടെ വർധിച്ചുവരുന്ന ജീവിത ചെലവു മൂലം സ്വദേശികൾക്ക് ശരാശരി 3500 റിയാൽ നൽകേണ്ടി വരും. കൂടാതെ തൊഴിൽ മേഖലയിൽ വിദേശികൾക്കുള്ളയത്ര പ്രാവീണ്യം സ്വദേശികൾക്ക് ഇല്ലാത്തതും സ്വദേശി താഴിലാളികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾ മടികാണിക്കുന്നുവെന്ന് കിങ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റി പ്രഫസർ ഹബീബുള്ള ടർക്കിസ്ഥാനി വ്യക്തമാക്കുന്നു.