കോട്ടയം: കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിങ് ഏജൻസി തട്ടിയെടുത്ത പണം കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഉദ്യോഗാർഥിക്കു തിരികെക്കൊടുത്തു. ഇതുപ്രകാരം തട്ടിപ്പിനിരയായ മലയാളിക്കും ആശ്വാസം കിട്ടി. കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു വൈക്കം ഉദയനാപുരത്തുള്ള ഏജൻസി 2009 ജൂലൈയിലാണു തട്ടിപ്പ് നടത്തിയത്.

റിക്രൂട്ടിങ് ഏജൻസി കേന്ദ്ര സർക്കാരിനു നൽകുന്ന സെക്യൂരിറ്റി ഡിപ്പൊസിറ്റിൽ നിന്നു പിടിച്ചെടുത്ത തുക ഉദ്യോഗാർഥിക്കു നൽകുകയായിരുന്നു. മാൻവെട്ടം പുത്തേത്തുപറമ്പിൽ ജിൻസ് പോളിന്റെ ഭാര്യ ബിൻസി തോമസിനാണ് 1.23 ലക്ഷം രൂപ കേന്ദ്ര സർക്കാർ തിരികെ നൽകിയത്. തൊഴിൽ വീസയെന്നു തെറ്റിദ്ധരിപ്പിച്ചു വിദ്യാർത്ഥി വീസയിൽ ഉദ്യോഗാർഥികളെ കാനഡയിൽ എത്തിക്കുക എന്നതായിരുന്നു ഏജൻസികളുടെ തന്ത്രം.

വിദേശ റിക്രൂട്‌മെന്റ് നടത്തുന്നതിനു കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഏജൻസിയായിരുന്നു തട്ടിപ്പ് നടത്തിയത്. ബിൻസിക്കു ജോലി കിട്ടിയില്ല. തുടർന്ന് ഏജൻസിയുടെ റജിസ്‌ട്രേഷൻ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡൽഹിയിലെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സിനു ബിൻസി പരാതി നൽകി. അതോടെ ഏജൻസിയുടെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കുകയും സെക്യൂരിറ്റി ഡിപ്പൊസിറ്റ് കണ്ടുകെട്ടുകയും ചെയ്തു.

ഏജൻസി വാങ്ങിയ 2500 കനേഡിയൻ ഡോളർ സെക്യൂരിറ്റി ഡിപ്പൊസിറ്റിൽ നിന്നു തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു ബിൻസി ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്നാണു തുല്യമായ രൂപ കേന്ദ്രസർക്കാർ ബിൻസിക്കു നൽകിയത്. നേരിട്ടുള്ള റിക്രൂട്‌മെന്റ് കാനഡ സർക്കാർ നിർത്തിവച്ച കാര്യം മറച്ചുവച്ചാണ് ഏജൻസി തട്ടിപ്പു നടത്തിയത്.

കാനഡയിലേക്കു വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു നിർത്തിവച്ചിരിക്കുകയാണെന്നു കാനഡയിലെ ആൽബർട്ട പ്രൊവിൻസ് ആരോഗ്യവകുപ്പു മന്ത്രി റോൺ ലീപെർട്ട് ബിൻസിയുടെ ഭർത്താവ് ജിൻസ് പോളിനെ അറിയിച്ചതോടെയാണു റിക്രൂട്‌മെന്റ് തട്ടിപ്പു പുറത്തറിഞ്ഞത്.