- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോരാതെ പെയ്യുന്ന മഴയിൽ തലസ്ഥാനം; തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റന്നാൾ വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാ സാധ്യത; നെയ്യാർ, അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
നെയ്യാർ, അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി
കനത്ത മഴയെ തുടർന്ന് നെയ്യാറിന്റെ എല്ലാ ഷട്ടറുകളും ഉയർത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. സമീപവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. നിലവിൽ ഷട്ടറുകൾ 220 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 60 സെന്റീമീറ്റർ കൂടി ഉയർത്തിയതോടെ മൊത്തം 280 സെന്റിമീറ്റർ ഉയർത്തും. അരുവിക്കരഡാമിന്റെ ഷട്ടറുകൾ നിലവിൽ 280 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റർ കുടി ഉയർത്തി 340 സെന്റിമീറ്റർ ആക്കും സമീപവാസികൾ ജാഗ്രത പാലിക്കണം.
ജില്ലയിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണം. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, നിറഞ്ഞൊഴുകുന്ന തോടുകൾ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങുകയോ വസ്ത്രങ്ങൾ അലക്കുകയോ, വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീൻ പിടിക്കാൻ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് നവംബർ 15 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.
അതോടൊപ്പം കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ചയും (നവംബർ 1225) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ,സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നൽകുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി
പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ കനത്ത മഴ തുടരുന്നു. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ കനത്ത മഴയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞുതാണു. നെയ്യാറ്റിൻകര ടി.ബി ജംക്ഷനിൽ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
മറുനാടന് മലയാളി ബ്യൂറോ