കണ്ണൂർ: സോഷ്യൽ മീഡിയയിൽ തങ്ങളെ തള്ളിപ്പറഞ്ഞ സിപിഎമ്മിന് ശക്തമായ തിരിച്ചടിയുമായി സൈബർ സഖാക്കൾ. സോഷ്യൽ മീഡിയയിൽ സിപിഎമ്മിനായി പടപൊരുതിയ പി.ജെ ആർമി ഇനി അറിയപ്പെടുക റെഡ് ആർമി യെന്ന പേരിൽ.

ഇനി ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ പേരിലല്ല വിശാലമായ ഇടതുപക്ഷ ആശയങ്ങളാണ് റെഡ് ആർമി പ്രചരിപ്പിക്കുക. പോരാളി ഷാജിയിപ്പോൾ ചെയ്യുന്നതു പോലെ നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സിപിഎമ്മിന്റെ പോരായ്മകളെ കുറിച്ചും ഇവർ തുറന്നടിച്ചേക്കും. കഴിഞ്ഞ ദിവസം ഗാർഹിക പീഡനത്തിനെതിരെ ഒരു ചാനൽ നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിൽ പരാതിപ്പെട്ട ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈ നെ തിരെ പോരാളി ഷാജി അതിരൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു.

ഇതേ ചുവട് പിടിച്ചാണ് പി.ജെ ആർമിയുടെയും നീക്കമെന്നാണ് സൂചന. മാത്രമല്ല തന്റെ പേരിൽ പ്രത്യേക ഗ്രുപ്പ് രൂപീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിനോട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ പേരിലുള്ള പി.ജെ ആർമി പിരിച്ചുവിടണമെന്ന ജയരാജന്റെ ആവശ്യം കൂടി മുൻനിർത്തിയാണ് സൈബർ സഖാക്കളുടെ ചുവട് മാറ്റം. മാത്രമല്ല വ്യക്തി പൂജ വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാർട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീൻ ചിറ്റ് ലഭിച്ച സാഹചര്യവുമുണ്ട്.

ഈ സാഹചര്യത്തിൽ വരുന്ന പി.ജെ ആർമിയുമായി മുൻപോട്ടു പോയാൽ വരുന്ന പാർട്ടി സമ്മേളനങ്ങളിൽ പി.ജയരാജനെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു വന്നേക്കുമെന്ന സാഹചര്യവുമുണ്ട്. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞാൽ പാർട്ടി സമ്മേളനങ്ങളിലേക്ക് തിരിയാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കണ്ണുരിൽ നിന്നും എൻട്രി പ്രതിക്ഷിക്കുന്ന നേതാക്കളിലൊരാളാണ് പി.ജെ ജയരാജൻ.

ഇതു കൂടാതെ പോരാളി ഷാജി, പി.ജെ ആർമി തുടങ്ങിയ ചുവപ്പൻ ബാനറുകൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവരെ ഇനി പാർട്ടി എതിരാളികളായിട്ടു തന്നെ കാണുമെന്ന നിലപാട് മാറ്റവും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പഴയതുപോലെയുള്ള സ്വീകാര്യത ലഭിച്ചേക്കില്ലെന്ന ആശങ്കയും സൈബർ ഗ്രുപ്പുകൾക്കുണ്ടാക്കിയിട്ടുണ്ട്. ഇനി പഴയതുപോലെയുള്ള മൃദുസമീപനമില്ലെന്ന പ്രഖ്യാപനത്തിലുടെ ഇത്തരം ഗ്രൂപ്പുകളെ തുറന്നെതിർക്കുമെന്ന നിലപാട് തന്നെയാണ് സിപിഎം പ്രഖ്യാപിക്കുന്നത്.

2019 മെയ് 27നാണ് പി.ജെ ആർമി എന്ന പേജ് രൂപം കൊള്ളുന്നത്. വോട്ട് ഫോർ പി.ജെ എന്ന ഫേസ്‌ബുക്ക് പേജാണ് പിന്നീട് പി.ജെ ആർമിയായി മാറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പി.ജെ ആർമി രൂക്ഷ വിമർശനം നടത്തുകയും പി.ജയരാജൻ തന്നെ പേജിനെതിരെ രംഗത്തുവന്നതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈലിൽ നിന്ന് പിന്നീട് പി ജയരാജന്റെ ചിത്രം മാറ്റി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ അവതരിപ്പിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ നിന്നുമുള്ള വിവര പ്രകാരം ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പേജ് കൈകാര്യം ചെയ്യുന്നത്.

സിപി.എം സംസ്ഥാന ഘടകത്തിൽ വർഷങ്ങളായി ഉയർന്നുനിന്ന ആരോപണങ്ങളിലൊന്നാണ് പി.ജയരാജനെതിരെയുള്ള വ്യക്തപ്രഭാവ പ്രചരണങ്ങളുമായി ബന്ധപ്പെട്ടത്. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് വ്യക്തിപ്രഭാവം വളർത്താൻ പി ജയരാജൻ ശ്രമം നടത്തിയതായ ആരോപണം ശക്തമായതോടെയാണ് പാർട്ടി മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. എ.എൻ ഷംസീർ, എൻ ചന്ദ്രൻ, ടി.ഐ മധുസൂദനൻ എന്നിവരടങ്ങുന്ന കമ്മീഷനാണ് വിവാദത്തിൽ വിശദമായ അന്വേഷണം നടത്തിയത്. വ്യക്തിപരമായി ഉയർത്തിക്കാട്ടാൻ ജയരാജന്റെ ഭാഗത്ത് നിന്നും ശ്രമമൊന്നും നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മീഷൻ അന്വേഷണം അവസാനിപ്പിച്ചത്.

പിണറായി വിജയനെ അർജുനനായും ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോർഡുകൾ കണ്ണുർ തളാപ്പ് അമ്പാടി മുക്കാൽ സ്ഥാപിച്ചതോടെയാണ് ജയരാജ സ്തുതി മറ്റൊരു തലത്തിലേക്കെത്തുന്നത്. ഇതിനു പിന്നാലെ പി ജയരാജനെ വാഴ്‌ത്തുന്ന വിപ്ലവ പാട്ടുകളും മയ്യിൽ കലാ കൂട്ടായ്മയുടെ പേരിൽ പുറത്തുവന്നു.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ ജയരാജന് സ്വീകാര്യതയും സ്വാധീനവും വർധിച്ചതോടെയാണ് പി ജയരാജനെതിരെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തിപ്പെടുന്നത്. പി.ജെ ആർമി ഈ ഘട്ടങ്ങളിൽ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ജയരാജന് പിന്തുണയായി സജീവമായി നിലകൊണ്ടിരുന്നു.

അതെ സമയം സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പി.ജയരാജനെ ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയത് 'അമ്പാടിമുക്ക് സഖാക്കൾ' എന്നറിയപ്പെടുന്ന ഒരു വിഭാഗമാണെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. കണ്ണൂർ തളാപ്പ് കേന്ദ്രീകരിച്ച് സംഘപരിവാർ സംഘടനകളിൽ നിന്നും സിപിഎമ്മിലേക്ക് ചേക്കേറിയവരാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതിന് പിന്നിൽ എന്നും എൻ ധീരജ് കുമാർ എന്നയാളാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നും അന്വേഷണ കമ്മീഷൻ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ധീരജ് കുമാർ കണ്ണുർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.ജയരാജന് അനുകുലമായി പരസ്യ പ്രസ്താവന നടത്തിയതിന് ഇയാളെ പിന്നീട് പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ചെട്ടി പീടിക ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.