ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ തന്നെ നിർണായക സ്ഥാനമുള്ള ചെങ്കോട്ട കേന്ദ്രസർക്കാർ ഡാൽമിയ ഗ്രൂപ്പിന് കൈമാറുന്നു. ഓരോ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയിലാണ്. ഈ ചരിത്ര സ്മാരകത്തെ വിവിധ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്് ഇപ്പോൾ ഡാൽമിയക്ക് നൽകുന്നത്. രാജ്യത്തെ താജ്മഹൽ ഉൾപ്പെടെയുള്ള 100 മുൻനിര പൈതൃക സ്മാരകങ്ങൾ ഇത്തരത്തിൽ വൻകിടക്കാർക്ക് കൈമാറുന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. പൈതൃകങ്ങൾ ദത്തെടുക്കാനും സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ഈ കൈമാറ്റങ്ങൾ.

ഇതിന്റെ ഭാഗമായാണ് ചെങ്കോട്ട ഇപ്പോൾ ഡാൽമിയ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ചതാണ് ചെങ്കോട്ട. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പൈതൃക സ്മാരമായി കണക്കാക്കുന്ന കോട്ടയാണിത്. ചെങ്കോട്ടയുടെ സംരക്ഷണ നിയന്ത്രണാവകാശമാണ് ഡാൽമിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇൻഡിഗോ എയർലൈൻസിനേയും ജിഎംആർ ഗ്രൂപ്പിനേയും കരാറിൽ പിന്തള്ളിയാണ് ഡാൽമിയ ഗ്രൂപ്പിന്റെ നേട്ടം.

25 കോടി രൂപയ്ക്കാണ് കൈമാറ്റം. ഡാൽമിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയവുമാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. ഇത്തരത്തിൽ കൈമാറുന്നത് കെട്ടിടത്തിന്റെ സംരക്ഷണം ഉദ്ദേശിച്ചാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ വാണിജ്യ താൽപര്യത്തോടെ ദത്തെടുക്കുന്ന സ്ഥാപനത്തിന് ഈ പൈതൃക മന്ദിരങ്ങൾ ഉപയോഗിക്കാനാകും. ഇതിന് അവസരം നൽകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

17ാം നൂറ്റാണ്ടിലാണ് ഷാജഹാൻ ചെങ്കോട്ട നിർമ്മിക്കുന്നത്. ആഗ്രയിൽ നിന്ന് ഡൽയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിനനുബന്ധിച്ചാണ് ചെങ്കോട്ട നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ നടപടികൾക്കായി ഡാൽമിയ ജൂലൈയിൽ സുരക്ഷാ ഏജൻസികൾക്ക് ചെങ്കോട്ട കൈമാറണമെന്ന വ്യവസ്ഥയുണ്ടെങ്കിലും മറ്റ് സന്ദർഭങ്ങളിൽ ഇത് വാണിജ്യ താൽപര്യങ്ങൾക്കായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് ഉപയോഗിക്കാനാകും. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധം ഉയർത്തുന്നത്.

അതേസമയം, ഡാൽമിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ മെയ്‌ 23 മുതൽ തുടങ്ങുമെന്നാണ് പുറത്തവരുന്ന റിപ്പോർട്ടുകൾ.ടൂറിസ്റ്റുകളെ മാത്രമല്ല സാധാരണക്കാരെയും ആകർഷിക്കുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ ചെങ്കോട്ടയിൽ നടപ്പാക്കുമെന്ന് ഡാൽമിയ ഗ്രൂപ്പ് വ്യക്തമാക്കി. സ്വാതന്ത്രദിനത്തിൽ പ്രത്യേക രീതിയിലുള്ള ദീപാലങ്കാരം ഒരുക്കുമെന്നും അവർ അറിയിച്ചു. 

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം താജ്മഹൽ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് എത്തുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

ഹിമാചൽ പ്രദേശിലെ കാംഗ്ര കോട്ട, ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട, മുംബൈയിലെ ബുദ്ധിസ്റ്റ് കനേരി ഗുഹകൾ, ആന്ധ്ര പ്രദേശിലെ ചിറ്റ്കൂൽ ഗ്രാമം, അരുണാചൽ പ്രദേശിലെ തെംബാംഗ്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള സതി ഘട്ട് തുടങ്ങിവയെല്ലാം ഓരോ സ്വകാര്യ കമ്പനികൾ നോ്ട്ടമിട്ടുകഴിഞ്ഞു. ഇവയുടെ സംരക്ഷണ ചുമതലയാണ് ഏൽപിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും ഏറ്റെടുക്കുന്ന കമ്പനികളുട പൂർണ നിയന്ത്രണങ്ങളിലേക്ക് ഇവ മാറുമെന്ന സ്ഥിതിയാണുള്ളത്.

ചെങ്കോട്ടയുടെ അഞ്ചുവർഷത്തെ സംരക്ഷണ നടത്തിപ്പാണ് ഡാൽമിയ ഏറ്റെടുത്തിരിക്കുന്നത്. ഈ തീരുമാനം ബിജെപി സർക്കാരിന്റെ സ്വകാര്യവൽക്കരണമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞവർഷമാണ് രാഷ്ട്രപതി അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന കേന്ദ്രപദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചത്. ചെങ്കോട്ടയിൽ കുടിവെള്ള കിയോസ്‌കുകൾ, ബെഞ്ചുകൾ തുടങ്ങിയവ സ്ഥാപിക്കുന്നത് ഡാൽമിയ ആകും.

ശൗചാലയ വികസനം, നടപ്പാത, ത്രീഡി തിയേറ്റർ, പുൽത്തകിടികളുടേയും പൂന്തോട്ടങ്ങളുടേയും പരിപാലനം എല്ലാം ഡാൽമിയ നിർവഹിക്കും. ഇവിടെ വാണിജ്യപരമായി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾക്ക് ഇനി കമ്പനിയാവും തുക നിശ്ചയിക്കുന്നതും ഈടാക്കുന്നതും. പൈതൃക സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന നടപടിയാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം, ഇവയുടെ നല്ല രീതിയിലുള്ള സംരക്ഷണമാണ് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര നിലപാട്.