ജിദ്ദ: കടകളുടെ പ്രവർത്തി സമയം കുറയ്ക്കാനുള്ള ലേബർ മിനിസ്ട്രിയുടെ ശുപാർശ സ്വദേശീവത്ക്കരണത്തിന് ഏറെ സഹായകമാകുമെന്ന അഭിപ്രായവുമായി വിദഗ്ദ്ധർ രംഗത്തെത്തി. രാത്രി ഒമ്പതിന് കമേഴ്‌സ്യൽ ഷോപ്പുകൾ അടയ്ക്കണമെന്നാണ് ലേബർ മിനിസ്ട്രിയുടെ പുതിയ ശുപാർശ. ഇത് റീട്ടെയിൽ സെക്ടറിൽ സ്വദേശീവത്ക്കരണം 30 ശതമാനത്തിലധികം വർധിക്കാൻ സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് ഈ മേഖലയിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത് ഉചിതമായ തീരുമാനമായിരിക്കുമെന്നാണ് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി ചെയർമാൻ സമീർ ഹുസൈൻ അഭിപ്രായപ്പെടുന്നത്.

ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശീവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ശുപാർശയെന്നും സ്വദേശീവത്ക്കരണത്തിന് അടുത്തകാലത്ത് ലേബർ മിനിസ്ട്രി നടപ്പാക്കുന്ന പദ്ധതികളുമായി ഇതു യോജിച്ചു പോകുമെന്നും സമീർ ഹുസൈൻ പറയുന്നു. കടകളുടെ പ്രവർത്തി സമയം കുറയ്ക്കുന്നത് സ്ത്രീ ജീവനക്കാർക്കും അത് ഏറെ സഹായകമാകും. കൂടാതെ വൈദ്യുതി ലാഭവും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും പുതിയ ശുപാർശ ഗുണകരമാകുമെന്ന് കമ്മിറ്റി മെംബർ ഖാലിദ് മെയ്മനി വ്യക്തമാക്കി.