കുവൈറ്റ്: കുവൈറ്റിലെ പവർ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ തിരിച്ചടിയായി ജല-വൈദ്യുത മന്ത്രാലയത്തിന്റെ തീരുമാനം. പവർ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന 34 ശതമാനം വിദേശ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചു. പകരം സ്വദേശികളെ ഉൾപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. വിദേശ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്കാണ് വിനയാവുക.

ദോഹ, അഹ്മദി, ശുഐബ തുടങ്ങിയ പവർ സ്റ്റേഷനുകളിൽ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്. മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കും പ്രത്യേക കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർക്കും ടെക്‌നീഷ്യന്മാർക്കുമാണ് തീരുമാനം ബാധകമാവുക. നിലവിൽ ഓരോ കമ്പനികളുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികളെ ലഭ്യമാക്കുമ്പോൾ പ്രതിവർഷം 30 ലക്ഷത്തോളം ദിനാറാണ് മന്ത്രാലയത്തിന് ചെലവാകുന്നത്. ഇതിനുപുറമെ മറ്റു വകുപ്പുകളിലേക്ക് ടെക്‌നീഷ്യന്മാരെ ലഭ്യമാക്കുന്നതിനും തുക ചെലവാക്കേണ്ടിവരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൂടാതെ 2015ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ സ്വദേശികളുടെ വർക്ക് റിപ്പോർട്ടുകൾ വളരെ മികച്ച രീതിയിലാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

എണ്ണ വിലയിടിവിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ വിദേശികളുടെ എണ്ണം വെട്ടിക്കുറച്ച് സ്വദേശികളെ നിയമിക്കുന്നതിലൂടെ സർക്കാറിനുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. നിലവിൽ രാജ്യത്തിന്റെ വരുമാനത്തിൽ 60 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.