തിരുവനന്തപുരം: ടിക്ടോക് ടിപ്സുകൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന വീനിത് സോഷ്യൽ മീഡിയയിലൂടെ നടത്തിയത് വൻ വിളയാട്ടം. പെൺകുട്ടികളെയും വിവാഹിതരായ സ്ത്രീകളെയും തേടിപിടിച്ച് വലയിലാക്കുന്നതിൽ അസാമാന്യവിരുത്. ഇൻസ്റ്റഗ്രാമിൽ വിനീതിനൊപ്പം റീൽസിൽ ആടിപ്പാടുന്ന യുവതികളുടെ നീണ്ടനിര തന്നെയുണ്ട്. വിനീത് പൊലീസ് പിടിയിലായെന്ന് അറിഞ്ഞതോടെ ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ സ്വന്തം അക്കൗണ്ടുകൾ ഡിലീറ്റാക്കി.

അതേസമയം വിനീതിന്റെ മൊഴിയും ഫോണിലെ ദൃശ്യങ്ങളും കണ്ട് പൊലീസും ഞെട്ടി, തന്റെ മീശയും നാവും കൊണ്ടുള്ള ആക്ഷനുകളാണ് യുവതികളെ ആകർഷിക്കുന്നതെന്നാണ് വിനീതിന്റെ മൊഴി. തന്റെ സ്വന്തം പേരിലുള്ള അക്കൗണ്ടിന് പുറമേ മീശ ഫാൻഗേളെന്ന അക്കൗണ്ട് തുടങ്ങിയത് ആരാധകർക്ക് വേണ്ടിയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അതിനിടെ ഇയാളുടെ ഫോണിലുള്ള സ്ത്രീകളുടെ ഡസൻ കണക്കിന് ചിത്രങ്ങൾകണ്ട് പോലും അമ്പരന്നു. അവർ അറിയാതെ പോലും ചിത്രീകരിച്ചവയാണ് പലതും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലരെയും വിനീത് തനിക്ക് വഴങ്ങണമെന്ന് നിർബന്ധിച്ചതായും പൊലീസ് സംശയിക്കുന്നു.

ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെ കൂടുതൽ അന്വേഷണത്തിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിനീത് അറസ്റ്റിലായ വിവരം അറിഞ്ഞ് സാമ്പത്തിക തട്ടിപ്പിനുൾപ്പെടെ ഇരയായവർ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ടിക് ടോക് വീഡിയോ ചെയ്താണ് വിനീത് ശ്രദ്ധേയനായത്. ടിക്ക് ടോക്ക് പൂട്ടിയതോടെ ഇൻസ്റ്റഗ്രാമിലായി. വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നവരിൽ ചിലരെയാണ് വിനീത് സൗഹൃദം നടിച്ച് വലയിലാക്കി ചൂഷണങ്ങൾക്ക് ഇരയാക്കിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിനീതുകൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. റിൽസ് ചെയ്ത വൈറലാക്കുന്ന ടിപ്സുകൾ നൽകാമെന്നായിരുന്നു ചാറ്റുകളുടെ തുടക്കം.

പിന്നീട് വീഡിയോ കോൾ ചെയ്ത് സൗഹൃദം സ്ഥാപിച്ച് പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഒട്ടേറെത്തവണ പെൺകുട്ടിയുമായി ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പൊലീസ് നിഗമനം. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു.

സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും.ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് നിലവിൽ ജോലിയില്ല. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്.

കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താനെന്നായിരുന്നു ഇയാൾ പലരോടും പറഞ്ഞിരുന്നത്. നേരത്തെ പൊലീസിൽ ആയിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ആളുകളെ ആകർഷിച്ചിരുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് ഇയാളുടെ വലയിൽ വീഴും. വിനീതിനെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂരിൽ അടിപിടിക്കേസും നിലവിലുണ്ട്.