തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നാലുലക്ഷത്തോളം ഫോളോവേള്‌സ് ഉള്ള ടിക് ടോക്-റീൽസ് താരം വിനീത് അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ചിറയിൻകീഴ് സ്വദേശി അകത്തായത്.

കാർ വാങ്ങിക്കാൻ പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തിരുവനന്തപുരത്ത് ഒരു ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടി ഇക്കാര്യം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ഇയാൾക്ക് നിലവിൽ ജോലിയൊന്നും ഇല്ല. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതിനെതിരെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇയാളുടെ ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പൊലീസിൽ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.

കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്‌സ് നൽകും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പിന്നീടാണ് ഇയാൾ ചൂഷണം ആരംഭിക്കുക. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.