മേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യമൂന്നുമാസം കൊണ്ടുതന്നെ പാലിച്ച് മുന്നേറുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭയാർഥികളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അത് പകുതിയായി കുറയ്ക്കാനായെന്നത് ട്രംപിന്റെ ഭരണനേട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.

ബരാക് ഒബാമയുടെ ഭരണകാലത്തെ അവസാന മൂന്നുമാസങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴാണ് അഭയാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത്. ഒബാമയുടെ കാലത്ത് മൂന്നുമാസത്തിനിടെ എത്തിയത് 25,000 അഭയാർഥികളായിരുന്നുവെങ്കിൽ, ട്രംപ് അധികാരമേറ്റ് മൂന്നുമാസത്തിനിടെ രാജ്യത്തേക്ക് വന്നത് 13,000 പേർ മാത്രം. ഹോംലാൻഡ് സെക്യുരിറ്റി ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടതാണ് ഈ കണക്കുകൾ.

ഇരുനേതാക്കളുടെയും കാലത്ത് അമേരിക്കയിലേക്ക് അഭയാർഥികളായി വരുന്നവർ ഒരേ പ്രദേശങ്ങളില് നിന്നുള്ളവരാണെന്നതാണ് ഏക സാമ്യം. കോംഗോ റിപ്പബ്ലിക്ക്, സിറിയ, ഇറാഖ്, സോമാലിയ, മ്യാന്മാർ എന്നിവിടങ്ങളിൽനിന്നാണ് അഭയാർഥികളേറെയും. ജനുവരിയിൽ ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്ക് അഭയാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

സിറിയ, സോമാലിയ, ഇറാൻ, ലിബിയ, സുഡാൻ, യെമൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ട്രംപ് യാത്രാ വിലക്കേർപ്പെടുത്തിയത്. ആ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു.

യൂറോപ്പിലേക്ക് വൻതോതിൽ അഭയാർഥി പ്രവാഹമുണ്ടായപ്പോൾ അമേരിക്ക, അഭയാർഥികൾക്ക് ക്വാട്ട നിശ്ചയിച്ചിരുന്നു. ഒബാമയുടെ കാലത്ത് 110,000 അഭയാർഥികളെ സ്വീകരിക്കാമെന്നാണ് അമേരിക്ക തീരുമാനിച്ചിരുന്നത്. വർഷംതോറും പത്തുലക്ഷത്തോളം അഭയാർഥികളെ സ്വീകരിക്കുന്ന ജർമനിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ക്വാട്ട പൂർത്തിയാക്കുന്നതിന് തന്റെ ഭരണകാലത്തെ അവസാന മൂന്നുമാസങ്ങളിൽ ഒബാമ കൂടുതൽ അഭയാർഥികളെ അനുവദിക്കുകയും ചെയ്തിരുന്നു.

116,000 അഭയാർഥികളാണ് 2016-ൽ അമേരിക്കയിലെത്തിയത്. പത്തുവർഷത്തിനിടെ അമേരിക്കയിലെത്തിയ ഏറ്റവും ഉയർന്ന എണ്ണമാണിത്. ട്രംപ് വന്നതോടെ അഭയാർഥികളുടെ ക്വാട്ട 50,000 ആയി വെട്ടിക്കുറച്ചു. ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷൻ അംഗീകരിക്കുന്ന അഭയാർഥികളെ മാത്രമേ അമേരിക്ക സ്വീകരിക്കാറുള്ളൂ. അല്ലെങ്കിൽ അഭയാർഥികളായി വരുന്നവർക്ക് അമേരിക്കയിൽ ഒരു ബന്ധുവുണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഈ രണ്ട് വ്യവസ്ഥകളിലും രണ്ട് ഭരണകാലത്തും മാറ്റമുണ്ടായിട്ടില്ല.