കൊച്ചി: സന്ദീപനി ഭൂമി ഇടപാടിൽ തന്നെ കബളിപ്പിച്ച അമൃതാനന്ദമയി മഠത്തെ രക്ഷിക്കാനാണ് സിബിഐ അന്വേഷണം എന്ന ആരോപണവുമായി സന്ദീപനി സ്മാർട്ട് വില്ലേജ് മാനേജിങ് പാർട്ണർ രഘുനാഥ് രംഗത്ത്. രഘുനാഥ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ചു കൊടുത്ത ഹർജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. സിബിഐ ഉറക്കം വിട്ടുണർന്നു കണ്ണ് തുറന്നു നോക്കണം എന്നാണു കേസ് പരിഗണിച്ച ജസ്റ്റിസ് കമാൽ പാഷ പറഞ്ഞത്. അവസരത്തിനൊത്തുയർന് നിയമോപദേശം അനുസരിച്ചു നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണു രഘുനാഥിന്റെ പ്രതികരണം.

അമൃതാനന്ദമയി മഠത്തിലെ സ്വാമി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ സിബിഐ നടത്തിയ ഒത്തുകളി കോടതി കയ്യോടെ പിടികൂടിയ പശ്ചാത്തലത്തിലാണ് രഘുനാഥ് മറുനാടനോട് പ്രതികരിച്ചത്. പരാതി അന്വേഷിച്ചപ്പോൾ ഗൂഢാലോചന നടന്നതായി ദ്രുതപരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടും സിബിഐ അമൃതാനന്ദമയീ മഠത്തിലെ സ്വാമിക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണം. മഠത്തെ രക്ഷിക്കാനാണ് സിബിഐ മൗനം പാലിക്കുന്നതെന്നാണ് രഘുനാഥിന്റെ ആരോപണം.

വസ്തു വിൽപനയ്ക്കു ശ്രമിച്ചപ്പോൾ അമൃതാനന്ദമയിമഠത്തെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി പ്രകാശ് രംഗത്തെത്തി. തുടർന്ന് മഠം പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ബാങ്ക് വായ്പ ഒറ്റത്തവണ തീർപ്പാക്കലിനു ശ്രമമാരംഭിച്ചു. നടപടി തുടരുന്നതിനിടെ ബാങ്ക് അധികൃതരും മഠം പ്രതിനിധിയും ഒത്തുകളിച്ചു തന്നെ കബളിപ്പിച്ചെന്നും തട്ടിപ്പിന്റെ ഭാഗമായി വസ്തുവിന്റെ മൂല്യം ഇടിച്ചുകാണിച്ചുവെന്നാണ് പരാതി. ഇക്കാര്യങ്ങൾക്കെല്ലാം വ്യക്തമായ തെളിവുണ്ടായിട്ടും അമൃതാനന്ദമയി മഠം ഉൾപ്പെട്ട സംഭവത്തിൽ കേസെടുക്കാൻ സിബിഐ തയ്യാറായില്ല. പ്രത്യക്ഷത്തിൽ തെളിവുള്ളതിനാൽ എഫ്‌ഐആർ ഇട്ട് കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും സിബിഐ മഠത്തിനോടും സ്വാമിയോടും കൂറുപുലർത്തി കേസിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവച്ചത്.

ഭൂമിയിടപാട് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായാണ് നടന്നിട്ടുള്ളതെന്ന് അമൃതാനന്ദമയി മഠം വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സിബിഐ തുടർന്നും കേസ് അന്വേഷിക്കുവാൻ താത്പര്യപ്പെടുന്നുണ്ടെകിൽ മഠത്തിന്റെ സഹായവും സഹകരണവും ഉണ്ടാകുമെന്നും അമൃതാനന്ദമയി മഠം വ്യക്തമാക്കി. ത്വരിതാന്വേഷണത്തെ തള്ളിയ മഠം മഠത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും നിയമത്തിനുള്ളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് മഠം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

സംഭവത്തിൽ രഘുരാജിന്റെ വിശദീകറണം ഇങ്ങനെ: സന്ദീപനി സ്മാർട്ട് വില്ലേജ് എന്ന റിസോർട് പ്രൊജക്റ്റ് തുടങ്ങാനായാണ് അങ്കമാലി സിൻഡിക്കറ്റ് ബാങ്കിൽ നിന്ന് 5 കോടി രൂപക്കായി ലോണിന് അപേക്ഷ കൊടുക്കുന്നത്. പ്രൊജക്റ്റ് ആരംഭിക്കാൻ പദ്ധതിയിട്ട ഒരേക്കർ 75 സെന്റ് സ്ഥലം കാണിച്ചാണ് ലോണിന് അപേക്ഷ നൽകിയത്. ഈ സ്ഥലത്തിന് ബാങ്ക് 4.52 കോടി രൂപ സ്ഥലവില ഇടുകയും ചെയ്തു. ലോണിന്റ ആദ്യഘട്ടമെന്ന നിലയിൽ ബാങ്കിൽ നിന്ന് 1.23 കോടി രൂപ കിട്ടി. പക്ഷെ അസുഖം വന്നതിനാൽ പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടു പോവാൻ സാധിച്ചില്ല എന്നു രഘുനാഥ് പറഞ്ഞു. ഈ സമയത്താണ് വസ്തു വില്പനയ്ക്കായി ആലോചിച്ചത്.

വയറിൽ വന്ന ട്യൂമർ നീക്കം ചെയ്യാൻ അമൃത ആശുപത്രിയിൽ എത്തിയപ്പോൾ മഠത്തിലെ ചുമതലകൾ നിർവഹിക്കുന്ന സ്വാമിമാരുമായി അടുപ്പമുണ്ടായി. തുടർന്നു സർജറിക്കു 2000 രൂപയോളം കുറച്ചു. തുടർന്ന് സ്ഥലവിൽപ്പനയുമായി ബന്ധപെട്ടു അമൃതനന്ദമയി അടക്കമുള്ളവരുമായി ചർച്ചകൾ നടത്തി. 5 കോടി രൂപക്ക് സ്ഥലം ഏറ്റെടുക്കാൻ ഇവർ സമ്മതിച്ചുവെന്നും രഘുരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാധാരണ മഠം എടുക്കുന്ന ഭൂമിക്കു പകുതി വിലയാണ് കാണിക്കാറുള്ളതെന്നും ബാക്കി ബ്ലാക്ക് മണിയായി തരാമെന്നുമാണു മഠം പറഞ്ഞത്. മനസില്ലാമനസോടെ താൻ പകുതി പണം കാണിച്ചുകൊണ്ട് ഒരു പ്രിലിമിനറി എഗ്രിമെന്റ് എഴുതാൻ സമ്മതം മൂളി. ടോക്കൺ അഡൈ്വസ് ആയി 25 ലക്ഷം രൂപയുടെ ചെക്ക് പിറ്റേദിവസം തന്നെ തന്നുവെന്നും രഘുനാഥ് പറയുന്നു.

5 കോടി രൂപ ആണ് തരാനുള്ളത് എന്നതു ഒരു വെള്ള കടലാസിൽ എങ്കിലും എഴുതി തരണം എന്നാവശ്യപ്പെട്ടു. ലീഗൽ ഒപ്പിനിയനു വേണ്ടി അത് പോയി എന്നും ഫ്രഷ് എഗ്രിമെന്റ് എഴുതുമെന്നുമാണ് മഠം അധികൃതർ പറഞ്ഞത്. അതിനിടയിൽ 1.35 കോടി അടച്ചാൽ ഒറ്റത്തവണ തീർപ്പുപ്രകാരം ബാങ്ക് ലോൺ തീർപ്പാക്കാം എന്ന അറിയിപ്പു ലഭിച്ചു. കാര്യങ്ങൾ പെട്ടെന്നു തീർക്കാം എന്നനിലയിൽ 15 ഡിമാൻഡ് ഡ്രാഫ്റ്റുകൾ അമൃതയിൽ നിന്ന് ലഭിച്ചു. എന്നാൽ ആദ്യം അഡ്വാൻസ് ആയി 25 ലക്ഷം വാങ്ങി, പിന്നീട് 1.35 കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി കൊടുത്തു എന്ന് ഒപ്പുവച്ച കരാറിന്റെ കോപ്പി തന്റെ കയ്യിൽ ഇല്ലായിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ നടത്താൻ ഇരിക്കുമ്പോൾ ആണ് സ്ഥലം ലേലത്തിനായി വച്ചിരിക്കുന്ന പരസ്യം താൻ കാണുന്നത് എന്നും രഘുനാഥ് പറഞ്ഞു. ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അമൃതനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി പ്രകാശ് ചതിക്കുകയായിരുന്നുവെന്നും രഘുനാഥ് ആരോപിച്ചു.

ബാങ്കുമായി മഠം ഒത്തുകളിച്ചു വസ്തുവിന്റെ മൂല്യം ഇടിച്ചു കാണിച്ചു തന്നെ കബളിപ്പിച്ചുകൊണ്ട് നിസാര വിലക്ക് തന്റെ വസ്തു സ്വന്തമാക്കാനായി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അന്ന് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങിയത്. 2.50 കോടിക്കു മേടിക്കാൻ ഉദ്ദേശിച്ച സ്ഥലം മഠത്തിനു 1.35 നു ഞാൻ വാങ്ങിത്തരില്ല എന്ന് ബാങ്ക് മാനേജർ മഠം പ്രതിനിധി ബ്രഹ്മചാരി പ്രകാശിനോട് പറഞ്ഞു. അന്ന് മാനേജർ ആയിരുന്ന ഗോപി നാഥ് കെ നായർ ഇപ്പോൾ പാലക്കാട് അമൃതാന്ദമയി മഠത്തിന്റെ പ്രതിനിധിയായി ജോലി ചെയ്യുന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയെന്നും രഘുനാഥ് പറഞ്ഞു. വലിയ തട്ടിപ്പാണ് ഇതെന്ന് മനസിലായതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനായി താൻ സമീപിച്ചത്. സിബിഐ ചെന്നൈ ഓഫിസിൽ നിന്നുമുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാത്തത്. ഇക്കാര്യം മനസിലാക്കിയാണു ഹൈക്കോടതി പ്രസ്താവന നടത്തിയതെന്നും രഘു നാഥ് പറഞ്ഞു.

സ്ഥലം ഇപ്പോൾ ബ്രഹ്മചാരി പ്രകാശ് 1.65 കോടി രൂപക്ക് ലേലത്തിൽ പിടിച്ചുവെങ്കിലും വസ്തു തന്റെ കസ്റ്റഡിയിലാണ്. ഇതു സംബന്ധിച്ച തർക്കം ഡിആർറ്റി ട്രിബ്യുണലിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. നിയമം വഴിക്കു അനുകൂലമായി സ്ഥലം കൈയിൽ എത്തിയാൽ അവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനാണ് തന്റെ ഭാവി പദ്ധതി എന്നും രഘുനാഥ് പറഞ്ഞു. ആദ്യം മഠത്തെ സമീപിച്ചപ്പോൾ ഇതുമായി കാര്യങ്ങൾ സംസാരിക്കാൻ അന്ന് താൻ മാതാ അമൃതാനന്ദമയിയെയാണു നേരിട്ട് കണ്ടത്. അമ്മയുടെ അഭിപ്രായത്തിൽ ആണ് താൻ സ്ഥലം കൊടുക്കാനായി ഒരുങ്ങിയതെന്നും ഇതിൽ ചതി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും രഘുനാഥ് വ്യക്തമാക്കി.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ബാങ്ക് അനുവദിച്ചു. 1.35 കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് പദ്ധതിയുടെ പേരിൽ പ്രകാശ് കൈമാറി. സ്വാമിയുടെ നിർദ്ദേശപ്രകാരം ഈ ഡിഡി സസ്‌പെൻസ് അക്കൗണ്ടിലാണു രഘുനാഥ് നിക്ഷേപിച്ചത്. ഇതിനിടെ, സ്ഥലവില വീണ്ടും കുറച്ചുനൽകാൻ മുതിർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹരജിക്കാരനുമായി ഇടപാട് അവസാനിപ്പിച്ചെന്ന രീതിയിൽ ഡ്രാഫ്റ്റ് തിരികെനൽകാൻ പ്രകാശ് ആവശ്യപ്പെട്ടു. രഘുനാഥിന്റെ അനുമതിയില്ലാതെ ബാങ്കധികൃതർ ഇതു പ്രകാശിന് കൈമാറി. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സർഫാസി നിയമം ചുമത്തി ഹരജിക്കാരന്റെ സ്ഥലം ലേലത്തിനുവച്ചു. ബാങ്കുകാരും സ്വാമിയും ഈ ഘട്ടത്തിൽ ഒത്തുകളി നടന്നു. 1.65 കോടി രൂപയ്ക്ക് സ്ഥലം പ്രകാശ് തന്നെ ലേലത്തിൽ പിടിച്ചു. രണ്ടരക്കോടിക്ക് ഹരജിക്കാരനുമായി വിൽപനക്കരാറിലേർപ്പെട്ട സ്ഥലം ഇങ്ങനെ ചുളുവിലയ്ക്ക് അമൃതാനന്ദമയീ മഠത്തിന്റെ പക്കലെത്തി.

കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ഞെട്ടലുണ്ടായെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദ്രുതപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. റിപ്പോർട്ട് ഇഴകീറി പരിശോധിച്ച ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നു നിയമോപദേശവും കിട്ടിയിട്ടുണ്ട്. എന്നിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതു ഞെട്ടിപ്പിക്കുന്നതാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ലെന്നും ബാങ്കിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സിബിഐയുടെ ചെന്നൈ റീജ്യനൽ ഓഫിസിൽനിന്നുള്ള തീരുമാനം.

പൊതുപണത്തിന്റെ സാന്നിധ്യമുള്ള, ഏറെ ഗൗരവമുള്ള കേസാണിതെന്നും അതിനാൽ ബാങ്കിന്റെ വിജിലൻസ് അന്വേഷണത്തിനു വിട്ട് അവസാനിപ്പിക്കേണ്ട കേസല്ല ഇതെന്നും ജസ്റ്റീസ് വ്യക്തമാക്കി. സിബിഐ കൊച്ചി യൂണിറ്റിനു 2014 ഒക്ടോബർ 16നു നൽകിയ പരാതിയിലായിരുന്നു ദ്രുതപരിശോധന. റിപ്പോർട്ട് അനുകൂലമായിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് രഘുനാഥിന്റെ ആക്ഷേപം.