ന്യൂദൽഹി: പാർലമെന്റിലെ പ്രതിപക്ഷസ്ഥാനം ലക്ഷ്യമിട്ട് പ്രാദേശികപാർട്ടികൾ മുന്നണി രൂപീകരിക്കാൻ പദ്ധതിയിടുന്നു. എ.ഐ.ഡി.എം.കെ, ത്രിണമൂൽ കോൺഗ്രസ്,ബി.ജെ.ഡി എന്നീ പാർട്ടികൾ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇതിനു പുറമെ ചെറിയ പാർട്ടികളായ തെലങ്കാന രാഷ്ട്രസമിതി, വൈ.എസ്.ആർ കോൺഗ്രസ്, ഐൻ.എൽ.എൻ.ഡി, നാഗാലാന്റ് പീപ്പിൾസ് ഫ്രണ്ട് എന്നിവയും മുന്നണിയിൽ ഭാഗഭാക്കായേക്കുമെന്നാണ് കരുതുന്നത്.

ബി.ജെ.ഡിയുടെ ഭർത്തൃഹരി മഹ്താബ്, ത്രിണമൂലിന്റെ മുകുൾ റോയ്, എ.ഐ.ഡി.എം.കെയുടെ തമ്പി ദുരൈ എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തുകയും ഒഡീഷ്സ, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഇതു സംബന്ധിച്ച വിശദാംശങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്.

335 സീറ്റുകളുള്ള എൻ.ഡി.എ സഖ്യത്തിനും 44 സീറ്റുകളുളള കോൺഗ്രസിനുമിടയിൽ തങ്ങൾക്ക് വ്യക്തമായ ഒരു സ്ഥാനം ഉണ്ടാക്കാൻ വേണ്ടിയാണ് പ്രാദേശികപാർട്ടികൾ ഈ സഖ്യത്തിന് മുതിരുന്നത്. എന്ത് വില കൊടുത്തും പാർലമെന്റിലെ പ്രതിപക്ഷസ്ഥാനം നേടിയെടുക്കാനുള്ള കോൺഗ്രസിൻരെയും സോണിയാഗാന്ധിയുടെയും ശ്രമങ്ങൾക്ക് പുതിയ കൂട്ടുകെട്ട് തിരിച്ചടിയായേക്കും.

പ്രതിപക്ഷ സ്ഥാനം നേടാൻ യു.പി.എ കക്ഷികളിൽ നിന്ന് തങ്ങൾക്ക് പിന്തുണ കിട്ടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ മൊത്തം സീററായ 44, 37 സീറ്റ് നേടിയ എ.ഐ.ഡി.എം.കെ, 34 സീററുള്ള ത്രിണമൂൽ എന്നിവയേക്കാൾ വളരെ കൂടുതലല്ല എന്നതും കോൺഗ്രസിന്റെ #്അവകാസവാദത്തിന് ശക്തി കുറയ്ക്കും. മോദി തരംഗത്തിലും പിടിച്ചു നിന്നവയാണ് ഇപ്പറഞ്ഞ പ്രാദേശികപാർട്ടികളെന്നു കാണാം. ബിജെപിക്ക് ഒഡിഷയിൽ നിന്ന് 21 ശതമാനവും തമിഴ്‌നാട്ടിൽ നിന്ന് 5.5 ശതമാനവും പശ്ചിമബംഗാളിൽ നിന്ന് 17 ശതമാനവും വോട്ടു മാത്രമേ ലഭിച്ചിട്ടുള്ളുവെന്നതും ഇപ്പറഞ്ഞ പ്രാദേശികപാർട്ടികളുടെ മേൽക്കൈ വ്യക്തമാക്കുന്നു.

പ്രാദേശിക പാർട്ടികളുടെ കൂട്ടുകെട്ടിലൂടെ രാജ്യസഭയിലും തങ്ങൾക്ക് മേൽക്കൈ നേടിയെടുക്കാനാവുമെന്നാണ് ഇവർ കരുതുന്നത്. അതായത് രാജ്യസഭയിൽ എൻ.ഡി.എക്ക് ഇപ്പോൾ 64 ഉം യു.പി.എക്ക് 80#ു#ം എം.പിമാർ മാത്രമെയുള്ളൂ. എന്നാൽ ഇടതുകക്ഷികൾ, ബി.എസ്.പി,എ.ഐ.ഡി.എം.കെ എന്നിവയ്‌ക്കെല്ലാം കൂടി രാജ്യസഭയിൽ 96 അംഗങ്ങളുണ്ട്.

ജയലളിതയും മമതാബാനർജിയും നടത്തുന്ന ഇതു സംബന്ധിച്ച ചർച്ചകൾക്കനുസൃതമായി അടുത്തയാഴ്ച മുന്നണി രൂപികരണം സംബന്ധിച്ച തീരുമാനമുണ്ടായേക്കും. മോദി സർക്കാരുമായി തങ്ങളുടേതായ ഒരു സമവായം സ്ഥാപിച്ചെടുക്കാൻ എ#്ല്ലാ നേതാക്കളും പ്രത്യേകിച്ച് മുഖ്യമന്ത്രിമാർ ഇതിലൂടെ ശ്രമിക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ അനുമാനിക്കുന്നത്.

പരസ്പരം യോജിച്ച് ഗുണങ്ങൾ നേടിയെടുക്കുകയും 16-ാം ലോക്‌സഭയിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ നേതാക്കൾ ലക്ഷ്യമിടുന്നത്.എന്നാൽ ഇടതു പാർട്ടികളോട് മുന്നണി രൂപവൽക്കരണത്തെക്കുറിച്ച് ആരും സംസാരിച്ചില്ലെന്നത് വിസ്മയകരമായ വസ്തുതയായി അവശേഷിക്കുന്നു.