ന്യൂഡൽഹി: നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ(എൻഎഫ്‌ഐ)യുടെ ഇരുപതാമത്‌ദേശീയ മാദ്ധ്യമ ഫെലോഷിപ്പിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് ഉൾപ്പെടെ 10 മാദ്ധ്യമ പ്രവർത്തകർ അർഹരായി. അട്ടപ്പാടിയിലെ ആദിവാസികുഞ്ഞുങ്ങളുടെ പട്ടിണി മരണം, ആരോഗ്യപരിപാലനത്തിലെ അപാകത, ചികിത്സാപരിമിതി എന്നിവ സംബന്ധിച്ച് ഒരു വർഷത്തെ പഠനത്തിനും റിപ്പോർട്ടിംഗിനുമായി 1.25 ലക്ഷം രൂപയുടെ ഫെലോഷിപ്പാണ് ലഭിക്കുക.

ദേശീയ, അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ റെജി ജോസഫിനു ലഭിക്കുന്ന അറുപതാമത്തെ മാദ്ധ്യമ പുരസ്‌കാരമാണിത്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ: ആഷ്‌ലി തെരേസ ജോസ് (ടീച്ചർ, സെന്റ് മേരീസ് എച്ച്എസ് ഇളങ്ങുളം). മക്കൾ: ആഗ്‌നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

പ്രശാന്ത് ദുബെ (ടെലിഗ്രാഫ്), പങ്കജ് കുമാർ, ഷെൽവി ഷാർദ (ഇരുവരും ടൈംസ് ഓഫ് ഇന്ത്യ), ഗൗതം സർക്കാർ (ടൈംസ് ഓഫ് ഇന്ത്യ വീക്കിലി), നേഹ രാതി (എഷ്യൻ ഏജ്), ഷ്രിയ മോഹൻ (ഹിന്ദുസ്ഥാൻ ടൈംസ്) രാഖി ഘോഷ്, ആഭ ശർമ, ശക്തിധർ പാൻഡെ (മൂവരും ഫ്രീലാൻസ് എന്നിവരാണ് ഫെലോഷിപ്പ് നേടിയ മറ്റുള്ളവർ. പ്രമുഖ മാദ്ധ്യമപ്രവർത്തകരായ നിർമല ലക്ഷ്മണൻ, പി. സായ്‌നാഥ്, ഡി.എൻ. ബിസ്ബറോ, കെ. കുഞ്ഞികൃഷ്ണൻ, ഉഷാ റായി, ബി.പി. സഞ്ജയ്, എച്ച്.കെ. ദുവ, ഭാസ്‌കർ ഘോഷ്, സുശീല രവീന്ദ്രനാഥ എന്നിവരായിരുന്നു ഫെലോഷിപ്പ് ജൂറി അംഗങ്ങൾ. ദീപിക മലപ്പുറം ജില്ലാ ലേഖകൻ രഞ്ജിത് ജോണിനു കഴിഞ്ഞ വർഷം എൻഫ്‌ഐ മാദ്ധ്യമ ഫെലോഷിപ്പ് ലഭിച്ചിരുന്നു.