ചെങ്ങന്നൂർ: മാരകായുധവുമായി അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചയാളെ പിടികൂടാനെത്തിയ ഗ്രേഡ് എസ്ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്കും അയൽവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ തിങ്കളാമുറ്റം പറമ്പത്തൂർ വീട്ടിൽ റെജി മാമ്മനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങന്നൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുഹമ്മദ് കുഞ്ഞ്, സിവിൽ പൊലീസ് ഓഫീസർ അരുൺ ചന്ദ്രൻ, ഹോം ഗാർഡ് ബിനുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.മറ്റ് രണ്ടു പേർക്കും വെട്ടുകത്തി കൊണ്ടുള്ള അക്രമത്തിലും മർദ്ദനത്തിലും സാരമായ പരിക്കേറ്റു. ആക്രമണത്തിൽ അയൽവാസിയായ ഓട്ടോഡ്രൈവർ തിങ്കളാമുറ്റം പള്ളിപ്പറമ്പിൽ പുത്തൻവീട്ടിൽ വീട്ടിൽ സുനിൽ കുമാറിന്റെ കാലിനും പരിക്കേറ്റു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30 ഓടെ തിങ്കളാമുറ്റം ജംഗ്ഷനു സമീപമാണ് സംഭവം. നിരന്തരമായി മദ്യപിച്ച് അയൽവാസികൾക്കെതിരെ ബഹളം വയ്ക്കുന്ന റെജി മാമ്മൻ തൊട്ടടുത്ത വീട്ടിലെ സുനിൽ കുമാറിനോട് അകാരണമായി അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയും വെട്ടുകത്തിയുമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ സുനിലിന്റെ കാലിന് പരിക്കേറ്റതോടെ പൊലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടാനായി സ്ഥലത്തെത്തിയ അഡീഷണൽ എസ്ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരേയും ഇയാൾ വെട്ടുകത്തിയുമായി ആക്രമിക്കുകയുമായിരുന്നു.

പിന്നീട് ദീർഘനേരത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 3ന് ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റും പുലിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ തിങ്കളാമുറ്റം പുന്നാട്ട് ഫിലിപ്പ് ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പുരയിടത്തിനു നടുവിൽ നിന്ന മരം വെട്ടി കിണറിനും വീടിനും മുകളിലേക്ക് വെട്ടിയിടുകയും ജോലി കഴിഞ്ഞ് വരികയായിരുന്ന ഭാര്യയെ നടുറോഡിൽ വച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ റെജി മാമ്മനെ ചെങ്ങന്നൂർ കോടതി റിമാൻഡ് ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജൂൺ 20ന് രാത്രിയിൽ കത്തിയുമായി ഫിലിപ്പ് ജോണിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇയാളുടെ ഭാര്യയേയും രണ്ടു മക്കളേയും ക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തിയുമായി ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഭാര്യയും മക്കളും നൽകിയ പരാതിയിൽ പൊലീസ് പിടികൂടിയിരുന്നു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവർ സഹോദരനൊപ്പം പുലിയൂരിലെ വീട്ടിലാണ് ഇപ്പോൾ താമസം.