പെൻസിൽവാനിയ: പിതാവ് ഓടിച്ച കാർ ഇടിച്ച് മരിച്ച മലയാളി യുവാവിന്റെ സംസ്‌ക്കാരം നടത്തി. മാന്നാർ വടക്കേതിൽ റെജി വി കോരുതിന്റേയും തിരുവല്ല പുളിക്കീഴ് ആലുമ്മൂട്ടിൽ കുടുംബാംഗം എലിസബത്തിന്റേയും (ജീമോൾ) മകൻ റിജോയ് ജോയി (17) ആണ് പിതാവ് ഓടിച്ച കാർ ഇടിച്ച് മരിച്ചത്. പിതാവ് റെജി ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പെൻസിൽവാനിയ ഡ്രെക്‌സെൽ ഹില്ലിലുള്ള വീട്ടിലെ ഗാരേജിനു സമീപത്തു വച്ചാണ് റിജോയിയെ ഇടിക്കുന്നത്. അപ്പർ ഡാർബി ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു റിജോയി.

317 ചെസ് വോൾഡ് റോഡിലുള്ള ഇവരുടെ വീട്ടിലെ ഗരേജിൽ വച്ചായിരുന്നു സംഭവം. റെജി ഓടിച്ച കാർ നിയന്ത്രണം വിട്ട് ഗരേജിനു സമീപം നിൽക്കുകയായിരുന്ന റിജോയിയെ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഭിത്തിക്കും കാറിനും ഇടയിൽ റിജോയി കുടുങ്ങി. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയായ ജേക്ക് കെന്നഡിയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ റിജോയിയെ നഴ്‌സ് കൂടിയായ അമ്മ പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നുവെന്നും പിതാവ് റിജോയിയെ വാരിയെടുത്ത് കൈകളിൽ പിടിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ റിജോയി മരിക്കുകയായിരുന്നു.

മുംബൈയിലെ ചെമ്പൂരിൽ ജനിച്ച റിജോയിയും കുടുംബവും 2010-ലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. പന്ത്രണ്ട് വയസുവരെ മുംബൈ ലോക്മാന്യ തിലക് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന റിജോയ് അപ്പർ ഡാർബി ഹൈസ്‌കൂളിൽ പത്താം ഗ്രേഡിലായിരുന്നു പഠിച്ചിരുന്നത്. റിജോയ്ക്ക് ജിജോയ് എന്നൊരു ഇരട്ട സഹോദരൻ കൂടിയുണ്ട്. ജിനോയി റെജിയാണ് മറ്റൊരു സഹോദരൻ. ഡെൽവെയർ വാലി സെന്റ് ജോൺസ് ഓർത്തഡോക്‌സ് ഇടവകാംഗം കൂടിയാണ് റിജോയി.