തൃശ്ശൂർ: സിനിമസീരിയൽ നടി രേഖാമോഹന്റെ(45) മരണത്തിലെ ദുരൂഹത മാറ്റാൻ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം.

ഇതിനായി രേഖാ മോഹന്റെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. രേഖാമോഹനെ ഫ്ളാറ്റിനകത്ത് മരിച്ച നിലയിൽ ശനിയാഴ്ചയാണ് കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ എത്തിയിരുന്നു. ശോഭാ സിറ്റിയിലെ ഫ്ളാറ്റിൽ രേഖാമോഹൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരണം രണ്ടുദിവസം മുൻപ് നടന്നിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപാണ് ഇവർ വിദേശത്തുനിന്ന് തിരിച്ചെത്തിയത്. ഈ സാഹചര്യത്തിലാണ് ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

വിദേശത്ത് വ്ച്ച് എന്തെങ്കിലും കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിഷം കഴിച്ചാകും മരണമെന്നാണ് പ്രാഥമിക നിഗമനം. മോഹൻ ഫോണിലൂടെ വിളിച്ചിട്ട് കിട്ടാതായപ്പോൾ ഡ്രൈവറെ വിളിച്ചറിയിക്കുകയായിരുന്നു. ഡ്രൈവർ ഫ്ളാറ്റിലെത്തി വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. വിയ്യൂർ പൊലീസ് എത്തി വാതിൽ തുറന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒമ്പതാം നിലയിലെ ഫ്ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പത്താം തീയതിവരെ ഡ്രൈവറുമായി ഇവർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഉന്നത പൊലീസ് സംഘം, പോസ്റ്റുമോർട്ടം നടത്തിയ തൃശ്ശൂർ മെഡിക്കൽകോളേജിലെത്തിയിരുന്നു.

കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവർ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിരലടയാള വിദഗ്ധരും പൊലീസും ചേർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയൽ രംഗത്ത് നിന്നും അകന്ന് നിൽക്കുകയായിരുന്നു.

സ്ത്രീജന്മം എന്ന ടിവി പരമ്പരയിൽ മായമ്മയായി ജനപ്രീതി നേടിയ താരമാണ് രേഖാ മോഹൻ. മലയാളിയുടെ തനത് ഭാവങ്ങളുമായി ക്യാമറയ്ക്ക് മുമ്പിലെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മായമ്മ മാറിയിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയിൽ മലയാളി അംഗീകരിച്ച സിനിമകളാണ്.