തൃശൂർ: നടി രേഖാ മോഹന്റെ മരണത്തിലെ ദുരൂഹത മാറുന്നു. സ്വാഭാവിക മരണമാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയാണ്. മരണം ഹൃദയാഘാതംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇതിന് കാരണം.

ശനിയാഴ്ച വൈകീട്ട് തൃശൂർ പുഴയ്ക്കൽ ശോഭാസിറ്റിയിലെ ഫ്‌ളാറ്റിലാണ് രേഖയെ മരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസമായി ഇവർ ഫോൺ എടുക്കാത്തതിനത്തെുടർന്ന് വിദേശത്തുള്ള ഭർത്താവ് ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞിരുന്നു. സെക്യൂരിറ്റിയോടൊപ്പം ഡ്രൈവറും ഫ്‌ളാറ്റിലത്തെി കോളിങ് ബെല്ലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തിട്ടും തുറക്കാതായതോടെ പൊലീസിൽ വിവരമറിയിച്ചു.

പൊലീസത്തെി വാതിൽ തുറന്ന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറിയിലെ ഡൈനിങ് ടേബിളിൽ തലകുനിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മേശപ്പുറത്ത് ഗ്‌ളാസിൽ പകുതി കുടിച്ച പാനീയം കണ്ടത്തെിയിരുന്നു. നടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ആദ്യമുയർന്നിരുന്നു. പാനീയം വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്നാണ് പറയുന്നത്. ദീർഘകാലമായി അർബുദ ചികിത്സയിലായിരുന്നു രേഖ. ഒരു യാത്രാമൊഴി, ഉദ്യാനപാലകൻ, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത രേഖയെ പ്രശസ്തയാക്കിയത് 'സ്ത്രീജന്മം' സീരിയലിലെ മായമ്മ എന്ന വേഷമാണ്.