പത്തനംതിട്ട: ഇത്തിരി സ്വത്തിനായി ബന്ധുക്കൾ കാണിച്ച കണ്ണിൽച്ചോരയില്ലാത്ത നടപടിയിൽ പെരുവഴിയിലായത് ഓർമ നഷ്ടമായ, കേൾവിയും കാഴ്ചയുമില്ലാത്ത 90 വയസുകാരി. തർക്കത്തിൽ മൊഴി നൽകാനെന്ന പേരിൽ വയോധികയെ കിടന്ന കട്ടിലോടെ പൊക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷൻ മുറ്റത്തെ പൊരിവെയിലിൽ കിടത്തി.

കേസ് കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണ് വയോധികയെ കൊണ്ടു വന്നതെന്ന് ബന്ധുക്കൾ അവകാശപ്പെട്ടപ്പോൾ അങ്ങനെ ആരും പറഞ്ഞിട്ടില്ലെന്ന് സിഐ. സംഗതി പുലിവാലായതോടെ ബന്ധുക്കൾക്ക് എതിരേ കേസ് എടുത്ത് പൊലീസ് തലയൂരി.

റാന്നി പുതുശേരിമലയിൽ നിന്നാണ് മീമ്പനയ്ക്കൽ മറിയാമ്മ വർഗീസിനെ (90) കാറിൽ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ എത്തിച്ചത്. തനിയെ നടക്കാൻ ത്രാണി ഇല്ലാത്ത ഇവരെ കാറിൽ നിന്നും എടുത്തിറക്കി കട്ടിലിൽ കിടത്തിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. ഇവരും മകളും കുടുംബവും താമസിക്കുന്ന ഭൂമി സംബന്ധിച്ച തർക്കമാണ് സംഭവത്തിനു പിന്നിൽ.

മാർത്തോമ്മാ സുവിശേഷസംഘവും മറിയാമ്മയുടെ കുടുംബവുമായി നിലനിൽക്കുന്ന തർക്കമാണ് വയോധികയെ സ്റ്റേഷനിൽ എത്തിച്ചത്. പതിറ്റാണ്ടുകൾക്കു മുമ്പ് തനിക്ക് ലഭിച്ച 16 സെന്റ് ഭൂമിയിലാണ് താനും മകളും മരുമകനും അടങ്ങുന്ന കുടുംബം താമസിക്കുന്നതെന്നും വസ്തുവിന്റെ കൈവശാവകാശരേഖ തങ്ങളുടെ പക്കലുണ്ടെന്നും ഭൂമിക്ക് കരം ഒടുക്കുന്നുണ്ടെന്നും മറിയാമ്മ വർഗീസും കുടുംബവും പറയുന്നു.

എന്നാൽ ഈ ഭൂമി മാർത്തോമ്മാ സുവിശേഷ സംഘത്തിന്റേതാണെന്നും എതിർകക്ഷികൾ അനധികൃതമായി കൈയേറിയതാണെന്നുമാണ് സഭാ വൈദികൻ അടക്കമുള്ളവർ പൊലീസിൽ അറിയിച്ചത്. വസ്തുവിന്റെ ആധാരം അടക്കമുള്ള രേഖ വൈദികൻ കാണിച്ചതായി റാന്നി സിഐ ന്യൂമാൻ പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ഈ വസ്തുവിൽ നിന്ന ഒരു മരം മുറിച്ചതുമായി തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിപിടി നടന്നതായാണ് പരാതി. വയോധികയുടെ മകൾ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലുമാണ്. സംഭവം സംബന്ധിച്ച് രണ്ടു കൂട്ടരും പരാതികൾ നൽകിയിട്ടുണ്ടെന്നും അതിന്മലുള്ള അന്വേഷണം നടന്നു വരികയാണെന്നും സി.ഐ പറഞ്ഞു.

വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ പൊലീസിന് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്. അതിനാൽ ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളാകും അന്വേഷിക്കുകയെന്നും അവശനിലയിലുള്ള വയോധികയെ കട്ടിലിൽ ചുമന്ന് സ്റ്റേഷനിൽ എത്തിക്കാൻ ആരും നിർദ്ദേശിച്ചിട്ടില്ലെന്നും സി.ഐ പറഞ്ഞു.

കേസന്വേഷണത്തിന് പൊലീസുകാരൻ അവരുടെ വീട്ടിലെത്തിയപ്പോൾ പ്രശ്നം അറിയിക്കാൻ വലിയതിരുമേനിയെ കാണാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട വയോധികയോട് അതിന് ശ്രമിക്കാമെന്ന മറുപടിയാണ് നൽകിയതെന്നും ഇതിൽ സന്തോഷിച്ച വയോധിക പൊലീസുകാരനു നല്ലതു വരുമെന്നു പ്രാർത്ഥിച്ചാണ് മടക്കി അയച്ചതെന്നും സിഐ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കട്ടിലിൽ പടുവയോധികയെ കട്ടിലിൽ കിടത്തി ഒരു സംഘം എത്തിയത്. വന്നപാടെ വയോധികയെ സ്റ്റേഷൻ മുറ്റത്തെ പൊരിവെയിലിൽ കട്ടിലിൽ തന്നെ കിടത്തുകയും ചെയ്തതോടെ പൊലീസുകാർ ഒന്നടങ്കം മുറ്റത്തെത്തി. ഒരു കേസന്വേഷണത്തിനു പോയി മടങ്ങിവരുന്ന വഴിക്കാണ് സിഐയും സംഘവും ഈ കാഴ്ചക്കു മുമ്പിലെത്തിയത്.

ചുരുണ്ടുകൂടി കട്ടിലിൽ കിടക്കുന്ന വയോധിക അവ്യക്തമായാണെങ്കിലും സംസാരിക്കുന്നതു കണ്ടതോടെ എല്ലാവരുടേയും പരിഭ്രാന്തി തൽക്കാലം മാറി. കൂടുതൽ അന്വേഷണത്തിലാണ് ഒരു വസ്തു തർക്കവും അതിന് അനുബന്ധമായി ഉണ്ടായ സംഭവങ്ങളുടേയും പേരിലാണ് തൊണ്ണൂറു പിന്നിട്ട വയോധികയെ കട്ടിലിൽ കിടത്തി സ്റ്റേഷനിൽ എത്തിച്ചതെന്നു വ്യക്തമായത്..

പരാതിയുണ്ടെങ്കിൽ നേരിൽ സ്റ്റേഷനിലെത്തി ബോധിപ്പിക്കണമെന്ന് ഒരു പൊലീസുകാരൻ പറഞ്ഞെന്നും അത് അക്ഷരംപ്രതി പാലിച്ചാണ് പൂർണമായും കിടപ്പിലായിരുന്ന വയോധികയെ കട്ടിൽ സഹിതം എത്തിച്ചതെന്നുമാണ് ഇവരുടെ മക്കളും ബന്ധുക്കളും ഒപ്പം എത്തിയ നാട്ടുകാരും പറഞ്ഞത്. എന്നാൽ അവശ നിലയിലുള്ള ആരെയും സ്റ്റേഷനിലേക്കു കൊണ്ടുവരാൻ ആരും നിർദ്ദേശിച്ചിട്ടില്ലെന്ന് സിഐ തറപ്പിച്ചു പറഞ്ഞു. വെയിലിൽ കിടന്ന വയോധികയെ സ്റ്റേഷനിലെ കസേരയിലേക്കു മാറ്റിയ ശേഷമാണ് പൊലീസ് കേസിലേക്കു കടന്നത്. വയോധികയെ കൊണ്ടുവന്ന ബന്ധുക്കളുടെ പേരിൽ കേസെടുത്ത് പൊലീസ് തലയൂരി.