- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായമായി ലഭിച്ച അഞ്ചുലക്ഷം രൂപ ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതി: സഹോദരി വിലാസിനിയും ഭർത്താവും മകനും ഒളിവിൽ; ജോയിന്റ് അക്കൗണ്ട് വഴി വിലാസിനി വ്യാജ രേഖ ചമച്ചാണ് പണം തട്ടിയെടുത്തതെന്ന് കുമരകം പൊലീസ മറുനാടനോട്; ആരോപണം വ്യാജമെന്ന് തള്ളിയെങ്കിലും വിലാസിനി മുങ്ങിയത് ജനരോഷം ഭയന്ന്
കോട്ടയം: സഹായം ലഭിച്ച പണം തട്ടിയെടുത്തു എന്ന എൻ.എസ് രാജപ്പന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ സഹോദരി വിലാസിനിയും ഭർത്താവ് കുട്ടപ്പനും മകനും ഒളിവിൽ പോയി. കുമരകം പൊലീസ് കഴിഞ്ഞ ദിവസം ഇവരെ അന്വേഷിച്ചു മഞ്ചാടിക്കരയിലെ വീട്ടിൽ എത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരോട് ചോദിച്ചപ്പോൾ ഇവരെ കാണാനില്ലെന്നാണ് പറഞ്ഞത്. തുടർന്ന് പൊലീസ് രാജപ്പന്റെ മൊഴി രേഖപ്പെടുത്തി. ശേഷം ബാങ്ക് അക്കൗണ്ട് ഫ്രീസു ചെയ്തു.
മാധ്യമങ്ങളിൽ വാർത്ത വന്നതോടുകൂടി ഇവർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വീടു പൂട്ടി ഇവർ സ്ഥലം വിട്ടത്. ജനരോഷം മൂലം ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടാകുമോ എന്നും ഇവർ ഭയപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. തുടർന്ന് രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ പരാതി അടിസ്ഥാന രഹിതമാണെന്ന് ഇവർ പറഞ്ഞതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. പണം തട്ടിയെടുത്തു എന്ന ആരോപണം വ്യാജമാണെന്നും സ്ഥലം വാങ്ങാനായാണ് പണമെടുത്തതെന്നുമുള്ള വിശദീകരണമാണ് വിലാസിനി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. പണം എടുത്ത് രാജപ്പന് തന്നെ നൽകിയെന്നും വിലാസിനി പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണ്. ബിജെപി പ്രവർത്തകനായ സഹോദരന്റെ മകൻ സതീഷാണ് ഇത്തരത്തിലുള്ള ഒരു ആരോപണത്തിന് പിന്നിലെന്ന് വിലാസിനിയുടെ മകൻ ജയലാൽ ആരോപിച്ചു.
സിപിഎമ്മിന്റെ ആർപ്പൂക്കര ബ്രാഞ്ച് കമ്മറ്റി അംഗമാണ് ജയലാൽ. തനിക്കെതിരേ ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിൽ. പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും അവർ പറഞ്ഞു. സതീഷാണ് പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു. താനും മകനും ചേർന്നാണ് പണം ബാങ്കിൽ നിന്ന് എടുത്തത്. അത് അന്ന് തന്നെ രാജപ്പനെ ഏൽപ്പിച്ചുവെന്നും പണം എന്ത് ചെയ്തെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവർ കുടുംബ സമേതം വീടു പൂട്ടി സ്ഥലം വിട്ടത്.
തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിൻവലിച്ചതായി കാട്ടി കഴിഞ്ഞ ദിവസമാണ് രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും തന്റെ രണ്ടു വള്ളങ്ങൾ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പൻ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി ഫെഡറൽ ബാങ്കിലെ ജോയിന്റ് അക്കൗണ്ടിൽ നിന്നും രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറഞ്ഞു.
അതേ സമയം വിലാസിനിക്കെതിരെ ചീറ്റിങ് കേസ് എടുത്തതായി കുമരകം എസ്ഐ എസ്.സുമേഷ് മറുനാടനോട് പറഞ്ഞു. കോട്ടയം എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ജോയിന്റ് അക്കൗണ്ട് വഴി വിലാസിനി വ്യാജ രേഖ ചമച്ചാണ് പണം തട്ടിയെടുത്തതെന്നാണ് നിഗമനം എന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. കൂടാതെ ബാങ്കിൽ ബാക്കിയുള്ള പണം പിൻവലിക്കാതിരിക്കാൻ അക്കൗണ്ട് ഫ്രീസു ചെയ്തതായും അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.