- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിയുവിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു രോഗി ഇല്ലെന്ന് മറുപടി; അഡ്മിറ്റ് രേഖകൾ കാണിച്ചപ്പോൾ ഈ രോഗി രണ്ടു ദിവസം മുൻപ് മരിച്ചെന്നും; കോവിഡ് രോഗി മരിച്ചത് അറിഞ്ഞത് രണ്ടുദിവസം കഴിഞ്ഞെന്ന് ഹരിപ്പാട് സ്വദേശിയുടെ കുടുംബം; ആലപ്പുഴ മെഡിക്കൽ കോളേജിന് എതിരെ പരാതി
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് ആരോപണം. പരാതിയുമായി മരിച്ച രോഗിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഹരിപ്പാട് സ്വദേശിയായ ദേവദാസ്(55) എന്ന രോഗിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി.
ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിന് ഉണ്ടായിരുന്നുവെങ്കിലും ഇവരെയും വിവരം അറിയിച്ചില്ല എന്നാണ് മകൾ ആർ രമ്യ പരാതിയിൽ ആരോപിക്കുന്നത്. ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെന്നാണ് മകൾ രമ്യയുടെ പരാതി. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നു. എന്നാൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
വിവരങ്ങളറിയാൻ ഐസിയുവിൽ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. രാവിലെ ഐസിയുവിൽ നേരിട്ട് ചെന്നപ്പോൾ രണ്ടു ദിവസം മുൻപ് മരിച്ചെന്നും, മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നും ജീവനക്കാർ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു. കൊല്ലത്തുനിന്ന് ഹരിപ്പാടെത്തി വാടകയ്ക്കു താമസിക്കുന്ന ദേവദാസ് 6 ദിവസം മുൻപാണു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നത്.
ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസംമുട്ടൽ കൂടുതലായതിനാൽ ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയിൽ മറ്റൊരു വാർഡിലുണ്ടായിരുന്ന ഭാര്യ രാജമ്മ ഐസിയുവിലേക്ക് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും രാവിലെ ചെന്നപ്പോൾ അങ്ങനെയൊരു രോഗി ഇല്ലെന്നും പറഞ്ഞതായാണ് വിവരം. അതിനുശേഷം അവിടെ അഡ്മിറ്റ് ആക്കിയതുമായി ബന്ധപ്പെട്ട രേഖകൾ കാണിച്ചപ്പോഴാണ് ഈ രോഗി രണ്ടു ദിവസം മുൻപ് മരിച്ചെന്ന് അറിയിച്ചത്.
ദേവദാസിന്റെ മരണവിവരം അറിയിക്കാൻ കുടുംബാംഗങ്ങൾ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടിരുന്നുവെന്ന് പറയുന്നെങ്കിലും രണ്ടു ദിവസമായിട്ടും നേരിട്ടറിയിക്കാൻ ശ്രമിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ ആശുപത്രി സൂപ്രണ്ടിന് കഴിയുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ