- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോജി റോയിക്ക് നീതി കിട്ടാൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ബന്ധുക്കൾ; പൊന്നുമോൾ പോയ ദുഃഖം കരഞ്ഞു തീർക്കാൻ പോലുമാകാതെ മാതാപിതാക്കൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്‌സ് സഭയും
കൊല്ലം: കോർപ്പറേറ്റ് ആശുപത്രിയുടെ കണ്ണിൽ ചോരയില്ലായ്മ്മയെ തുടർന്ന് അകാലത്തിൽ ജീവൻ പൊലിഞ്ഞ റോജി റോയി(19) എന്ന നഴ്‌സിങ് വിദ്യാർത്ഥിക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെടുത്തിരിക്കയാണ് ഒരു ഗ്രാമം മുഴുവനും. കൊല്ലം കുണ്ടറയിലെ ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തുള്ള വീട്ടിൽ ചെന്നാൽ റോജിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ കണ്ണീൽ തോരാതെ അലമുറയ
കൊല്ലം: കോർപ്പറേറ്റ് ആശുപത്രിയുടെ കണ്ണിൽ ചോരയില്ലായ്മ്മയെ തുടർന്ന് അകാലത്തിൽ ജീവൻ പൊലിഞ്ഞ റോജി റോയി(19) എന്ന നഴ്‌സിങ് വിദ്യാർത്ഥിക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെടുത്തിരിക്കയാണ് ഒരു ഗ്രാമം മുഴുവനും. കൊല്ലം കുണ്ടറയിലെ ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തുള്ള വീട്ടിൽ ചെന്നാൽ റോജിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ കണ്ണീൽ തോരാതെ അലമുറയിടുന്ന അമ്മയെ കാണാം. സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ഒരു അച്ഛന്റെയും അമ്മയുടെയും താങ്ങും തണലും ആയിരുന്ന റോജി. റോജിക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിന് പിന്തുണ അർപ്പിച്ച് എത്തിന്നവരെ കാണുമ്പോൾ തന്നെ വിതുമ്പലടക്കാൻ പാടുപെടുകയാണ് ദൗർഭാഗ്യവതിയായ ഈ മാതാവ്. മകളുടെ ഓർമ്മകളുടെ നൊമ്പരം പേറി കഴിയുകയാണിവർ.
കിംസ് ആശുപത്രി മാനേജ്‌മെന്റിന്റെ നിഷേധ മനോഭാവത്തിന്റെ ഇരയായിരുന്നു റോജി റോയി. പത്താം നിലയിൽ നിന്നും ചാടി റോജി ആത്മഹത്യ ചെയ്തുവെന്ന ആശുപത്രി മാനേജ്‌മെന്റിന്റെ വാദം വിശ്വസിക്കാൻ ബന്ധുക്കളും നാട്ടുകാരും തയ്യാറല്ല. കാരണം വീട്ടുകാരെ പോലെ നാട്ടുകാരുടെയും പ്രിയങ്കരിയായിരുന്നു റോജി. മിണ്ടാൻപോലും കഴിയാത്ത മാതാപിതാക്കളുടെ പ്രതീക്ഷയായ റോജി ഒരിക്കലും ഈ കടുംകൈ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാരും. ഓമനിച്ചു വളർത്തിയ മകൾ തങ്ങളെ വിട്ടുപിരിഞ്ഞതോടെ ഇവരുടെ ഏക പ്രതീക്ഷ മകനായ 14 വയസുകാരൻ റോബിനാണ്.
മകളുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ പ്രാർത്ഥന. മകളുടെ മരണത്തോടെ തീർത്തും പ്രതീക്ഷയറ്റ നിലയിലാണ് ഇവരുടെ കുടുംബം. രാഷ്ട്രീയ കക്ഷിഭേദമന്യേ ഉന്നതരായ വ്യക്തികൾക്ക് സ്വാധീനമുള്ള കിംസ് ആശുപത്രി അധികൃതരാണ് റോജിയുടെ മരണത്തിന് പിന്നിൽ എന്നുള്ളതുകൊണ്ട് തന്നെ എളുപ്പത്തിൽ നീതികിട്ടുമെന്ന് റോജിയുടെ ബന്ധുക്കൾക്ക് പ്രതീക്ഷയില്ല. പൊലീസിന്റെ ഭാഗത്തു നിന്നും ഇപ്പോഴും നിസ്സമായ സമീപനമാണ് തുടരുന്നതെന്ന ആക്ഷേപം ഇവർക്കുണ്ട് താനും. അതേസമയം നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ കിംസിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രംഗത്തെത്തിയതും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്താനൊരുങ്ങുന്ന നിയമപോരാട്ടങ്ങളും വിജയിക്കുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുള്ള കുടുംബമായതിനാൽ ബന്ധുക്കളുടെ സ്വർണം പണയം വച്ചായിരുന്നു റോജിക്ക് പഠിക്കാൻ ആവശ്യമായ തുക കണ്ടെത്തിയിരുന്നത്. റോജി ആഹത്യ ചെയ്യാൻ തീരുമാനിച്ചാൽ തന്നെ അതിന്റെ എന്തെങ്കിലുമൊക്കെ സൂചനകൾ റോജി നൽകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കോളേജിലേക്ക് വരുന്ന വഴി ബന്ധുക്കൾ റോജിയെ വിളിച്ചപ്പോൾ വളരെ സ്വാഭാവികമായാണ് റോജി സംസാരിച്ചത്. താൻ പഠിക്കുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് റോജിയെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷയടുത്ത സമയത്താണ് റോജി റാഗ് ചെയ്യാൻ പോയതെന്ന ആരോപണം വിശ്വസനീയമെല്ലെന്ന് നഴ്‌സിങ് സംഘടനയുടെ നേതാക്കളും പറയുന്നു.
കഴിഞ്ഞ ദിവസം റോജിയുടെ മരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷം ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ റോജിയുടെ മാതാപിതാക്കളെ സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുണ്ടായി. റോജിക്ക് നീതി ലഭിക്കാൻ വേണ്ടി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഈ ഹർജിയിൽ യുഎൻഎയും കക്ഷി ചേരും. ഉന്നതരുടെ സ്വാധീനത്താൽ പൊലീസ് അന്വേഷണം നേരായ വഴിയിലല്ല പോകുന്നതെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അഭിപ്രായപ്പെടുന്നത്.
കേസിന്റെ അന്വേഷണം ആദ്യം ഏറ്റെടുത്ത പൊലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി പോയതല്ലാതെ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണം നേരായ വഴിയിലല്ലെന്ന് ആരോപണം ശക്തമായ വേളയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് വെങ്കിടേഷ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും മൊഴിയെടുക്കാൻ പോലും പുതിയ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
അതിനിടെ റോജിയുടെ വീട്ടുകാർക്ക് പിന്തുണയും നിയമസഹായങ്ങളും വാഗ്ദാനം ചെയ്ത് മലങ്കര ഓർത്തഡോക്‌സ് സഭയും രംഗത്തെത്തി. സഭാ പിതാവ് പരിശുദ്ധ ബസേലിയോട് പൗലോസ് ദ്വിതീയൻ ബാവയും ഇന്നലെ റോജിയുടെ വീട്ടിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു. സഭയുടെ സഹായമെന്ന നിലയിൽ ഒരു ലക്ഷം രൂപയും റോജിയുടെ വീട്ടുകാർക്ക് നൽകി. കോടതിയിലേക്ക് പോകാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്നും റോജിയുടെ മരണത്തിൽ ശരിയായ അന്വേഷണം എത്രയും വേഗം നടത്തണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. സഭാ നേതൃത്വം കൂടി വിഷയം ഏറ്റെടുത്തതോടെ അന്വേഷണം കൂടുതൽ മുന്നോട്ടു പോകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. റോജിക്ക് നീതിലഭിക്കാൻ വേണ്ടി സൈബർ ലോകത്തുള്ള ആവശ്യങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും സൈബർ ലോകത്ത് നിശബ്ദമായ പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.