സന്നിധാനം: അയ്യഭക്തരെ വലച്ച പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി. പൊലീസും, ദേവസ്വം ബോർഡും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീർത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോൾ ദർശനവും അഭിഷേകവും കഴിഞ്ഞ് ഇവർക്ക് പമ്പയിലേക്ക് മടങ്ങാം.

പടി പൂജയുള്ള ഭക്തർക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും. എന്നാൽ മുറികൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചർച്ചയിൽ ധാരണയായി. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ രാത്രി കാലങ്ങളിൽ നടപ്പന്തലിലും മറ്റും വിരിവയ്ക്കാൻ പൊലീസ് ഭക്തരെ അനുവദിക്കുന്നില്ല. കുറച്ചെങ്കിലും ഭക്തരെ ഇവിടെ തങ്ങാൻ അനുവദിക്കണമെന്ന് ശങ്കർദാസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനം നാളെ അറിയിക്കാമെന്ന് ഡി.ജി.പി നിലപാട് എടുക്കുകയായിരുന്നു.

അതേസമയം, നേരത്തെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് വിരിവയ്ക്കാനോ രാത്രി 11ന് ശേഷം തങ്ങാനോ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനോ അനുവദിക്കില്ലെന്നാണ് പൊലീസ് നിർദ്ദേശം. ഉച്ചപൂജയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് നെയ്യഭിഷേകം നടത്തണമെങ്കിൽ മലയിറങ്ങി പിറ്റേന്ന് പുലർച്ചെ വീണ്ടും മലചവിട്ടേണ്ടിവരും. സന്നിധാനത്ത് ആകെ 13 ഹോട്ടലുകളും രണ്ട് ലൈറ്റ് ഫുഡ് കടകളുമാണ് ഉള്ളത്. ഇതിൽ ആറ് ഹോട്ടലുകൾ മാത്രമാണ് ഇന്നലെവരെ ലേലത്തിൽ പോയത്. രാത്രിയിൽ ഹോട്ടലുകൾ കൂടി അടയ്ക്കുന്നതോടെ ഭക്തർ ഭക്ഷണം കിട്ടാതെ വലയും.

പമ്പയിലെത്തുന്ന ഭക്തരെ തിരക്കിനനുസരിച്ച് നിയന്ത്രിച്ചാണ് മല ചവിട്ടാൻ അനുവദിക്കുക. ആദ്യം മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിടും. തുടർന്ന് ഇരുമുടിക്കെട്ട് ഉൾപ്പെടെ സ്‌കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും. മുഖം തിരിച്ചറിയാനുള്ള കാമറയിലൂടെ ചിത്രങ്ങൾ പകർത്തും. ശബരിപീഠം മുതൽ കർശന നിയന്ത്രണത്തിലാണ് കടത്തിവിടുക. ഇതിന് പുറമെ ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തരെ കർശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഭക്തരുടെ മേലുള്ള കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തെ വരുമാനം കുറയ്ക്കുമെന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്. രാത്രിയിൽ തീർത്ഥാടകർ സന്നിധാനത്ത് തങ്ങറുതെന്നും, കടകൾ അടയ്ക്കണമെന്നും മുറികൾ അടച്ച് താക്കോൽ ഏൽപിക്കണമെന്നും മറ്റുമുള്ള പൊലീസിന്റെ നിർദ്ദേശങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഇന്നലെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തുലാമാസ പൂജാസമയത്ത് സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധത്തിനിടെ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻകുറവുണ്ടായിരുന്നു. ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം 'സ്വാമി ശരണം, സേവ് ശബരിമല' എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിക്കുകയും ചെയ്തു. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു

അതേസമയം, ചിത്തിര ആട്ട വിശേഷത്തിനായി നടതുറന്നപ്പോൾ റെക്കോഡ് തീർത്ഥാടകരാണ് മലകയറിയത്. ഇതോടെ നടവരുമാനത്തിലും റെക്കോഡ് വരുമാനമാണുണ്ടായത്. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് ശബരിമല നട തുറന്നത്. കഴിഞ്ഞ വർഷം 4000ൽ താഴെ തീർത്ഥാടകർ മാത്രമാണ് ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമലയിലെത്തിയത്. എന്നാൽ യുവതികൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് പ്രതിഷേധക്കാരടക്കം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം 13,675 പേരാണ് ഇത്തവണ മലചവിട്ടിയത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. 28 ലക്ഷം രൂപയാണ് ഇത്തവണത്തെ നടവരവ്. കഴിഞ്ഞ വർഷം തുലാമാസ പൂജയോട് ചേർന്ന് ചിത്തിര ആട്ടത്തിരുനാൾ വന്നതിനാൽ നടവരവ് രേഖപ്പെടുത്തിയിരുന്നില്ല.

നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് മുൻവർഷത്തെക്കാൾ ശബരിമലയിലെ വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയപ്പോൾ ഇത്തവണയത് 4.79 കോടി രൂപയായി ചുരുങ്ങിയിരുന്നു. പ്രളയത്തെ തുടർന്ന് ചിങ്ങമാസ പൂജകൾക്ക് ഭക്തർ എത്താതിരുന്നതും വരുമാനത്തെ ബാധിച്ചു.