മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് മാർച്ചിൽ അവസാനിച്ച പാദത്തിലെ വരുമാനം പ്രഖ്യാപിച്ചു. റിഫൈനിങ്, ടെലികോം, റീട്ടെയിൽ വ്യാപാരങ്ങളിൽ നിന്നായി കമ്പനിയുടെ ഏകീകൃത അറ്റാദായം 38 ശതമാനം വർധിച്ച് 17,167 കോടി രൂപയായതായി മാർക്കറ്റ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

റിലയൻസ് റീട്ടെയിലിന്റെ വരുമാനം നാലാം പാദത്തിൽ മുൻ പാദത്തിനേക്കാൾ 57,717 കോടി രൂപയിൽ നിന്ന് 58,019 കോടി രൂപയായി ഉയർന്നു. ഡിസംബർ പാദത്തിൽ നികുതികളും മറ്റു കിഴിച്ചുള്ള വരുമാനം 3,835 കോടി രൂപയിൽ നിന്ന് 3,712 കോടി രൂപയിലെത്തി. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറി റിലയൻസ് ജിയോ ഇൻഫോകോം മെയ് 6 ന് മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 15.4 ശതമാനം വർധിച്ച് 4,173 കോടി രൂപയായി.

ഈ പാദത്തിലെ കമ്പനിയുടെ വരുമാനം തുടർച്ചയായി 8 ശതമാനം വർധിച്ച് 20,901 കോടി രൂപയായി. കമ്പനിയുടെ ആകെ വരുമാനം 7.93 ലക്ഷം കോടി രൂപ(100 ബില്യൺ ഡോളർ); അറ്റാദായം 67,845 കോടി രൂപ. ഡിജിറ്റൽ സേവന വരുമാനം 100,000 കോടി രൂപ, റീട്ടെയിൽ വരുമാനം ഏകദേശം 200,000 കോടി രൂപ, ഉപഭോക്തൃ ബിസിനസ് മൊത്ത വരുമാനം ഏകദേശം 3 ലക്ഷം കോടി രൂപ, ഇബിഐടിഡിഎ 52,722 കോടി രൂപ എന്നിങ്ങനെയാണ് റിലയൻസിന്റെ നാലാം പാദത്തിലെ വരുമാനം.

2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് കമ്പനിക്ക് നികുതിക്ക് ശേഷമുള്ള ലാഭം 18,549 കോടി രൂപ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ രജിസ്റ്റർ ചെയ്ത 13,101 കോടി രൂപയിൽ നിന്ന് 42 ശതമാനം വർധന.