വ്യവസായ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് മുകേഷ് അംബാനി. എന്നാൽ, അനിൽ അംബാനിയെ തിരിച്ചടികൾ വിടാതെ പിന്തുടരുകയും ചെയ്യുന്നു. കമ്പനികളെല്ലാം നിർത്തി പിന്മാറുന്ന അനിൽ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയൻസ് എനർജിയും ഏറ്റവുമൊടുവിൽ വിറ്റഴിച്ചു. 18,800 കോടി രൂപയ്ക്കാണ് ഷെയർ പർച്ചേസ് എഗ്രിമെന്റടിസ്ഥാനത്തിൽ റിലയൻസ് എനർജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

മുംബൈയിലെ വൈദ്യുതി പ്രസരണവും വിതരണവും നിയന്ത്രിച്ചിരുന്ന കമ്പനിയാണ് റിലയൻസ് എനർജി. ഈ സ്ഥാപനത്തെയാണ് അദാനി ട്രാൻസ്മിഷൻ വാങ്ങിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള അഡാഗ് ഗ്രൂപ്പിന്റെ സുപ്രധാന സ്ഥാപനമായിരുന്നു റിലയൻസ് എനർജി. രൊക്കം പണംകൊടുത്തുള്ള ഈ ഇടപാടിലൂടെ, ഗൗതം അദാനി തന്റെ വളർച്ച ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. അംബാനി ഗ്രൂപ്പിന് ബദലായി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്.

മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളാണ് റിലയൻസ് എനർജിയെ മുംബൈയിൽ ആശ്രയിക്കുന്നത്. മുംബൈയുടെ കിഴക്ക് പടിഞ്ഞാറ് മേഖലകളിലെ ഊർജവിതരണമാണ് റിലയൻസ് നിർവഹിക്കുന്നത്. കമ്പനി കൈമാറ്റം നടന്നതോടെ, ഇനി ഇവരുടെ ചുമതല അദാനി ട്രാൻസ്മിഷനായി മാറും. മുംബൈയിലെ ഏറ്റവും പഴക്കമേറിയ വൈദ്യുതി വിതരണ കമ്പനി കൂടിയാണ് റിലയൻസ് എനർജി.

കൈമാറ്റത്തോടെ ആർ-ഇൻഫ്രയുടെ പേരിലുണ്ടായിരുന്ന 15,000 കോടി രൂപയുടെ കടം വീട്ടാനായെന്ന് കമ്പനി സി.ഇ..ഒ. അനിൽ ജലാൻ പറഞ്ഞു. 3000 കോടി രൂപ ലാഭത്തിലാണ് വിൽപന നടന്നത്. ഈ തുക ഉപയോഗിച്ച് നിർമ്മാണ പദ്ധതികളിലും മറ്റും കൂടുതൽ കേന്ദ്രീകരിക്കാനാണ് ആർ-ഇൻഫ്ര ആലോചിക്കുന്നതെന്ന് അനിൽ ജലാൻ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ആർ-ഇൻഫ്ര.

അതേസമയം, പുതിയൊരു മേഖലയിലേക്ക് കൂടി കടന്നുവരികയാണ് അദാനി ഗ്രൂപ്പ്. ട്രാൻസ്മിഷൻ രംഗത്ത് നേരത്തേതന്നെയുണ്ടെങ്കിലും പൂർണമായ തോതിൽ വൈദ്യുതി ഉദ്പാദന-വിതരണ കമ്പനിയായി മാറുന്നത് ഈ ഏറ്റെടുക്കലോടെയാണ്. ഊർജ വിതരണമാണ് ഇന്ത്യയിൽ അടുത്തതായി വികസിക്കാൻ പോകുന്ന മേഖലയെന്ന് ഏറ്റെടുക്കൽ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഗൗതം അദാനി പറഞ്ഞു.

മുംബൈയിലെ ബിസിനസ് കൈമാറുന്നതോടെ ആർ-ഇൻഫ്രയ്ക്ക് 13,251 കോടി രൂപ ലഭിക്കും. ഇതിൽ 12,101 കോടി രൂപ സ്ഥാപനത്തിന്റെ മൂല്യമായാണ് നൽകുക. 1150 കോടി രൂപ ആർ-ഇൻഫ്രയ്ക്കുണ്ടായ ചെലവുകൾ പരിഹരിക്കുന്നതിനും കൈമാറുമെന്നാണ് റിപ്പോർട്ട്.