മുംബൈ: ഒരുകാലത്ത് സമൃദ്ധിയുടെ നാളുകളായിരുന്നു നമ്മുടെ പോസ്‌റ്റോഫീസുകൾക്ക്. ടെലിഫോണും ഇമെയ്‌ലും ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാറ്റിനും ആശ്രയം പോസ്‌റ്റോഫീസുകളായിരുന്നു. കത്തുകളും ഇൻലാൻഡ് കാർഡുകളിലൂടെയും സന്ദേശങ്ങൾ രാജ്യത്തിനകത്തേക്കും പുറത്തേക്കും വേഗത്തിൽ പാഞ്ഞപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള പോസ്‌റ്റോഫീസുകൾ ലാഭകമായ സർവീസായി. എന്നാൽ, ടെക്‌നോളജിയുടെ വളർച്ചയോടെ പിന്നോക്കം പോയ പോസ്റ്റോഫീസുകൾക്ക് പുനർജന്മം നൽകാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക് ഇപ്പോൾ, പോസ്‌റ്റോഫീസുകളെ ബാങ്കുകളാക്കി ഉയർത്താനാണ് റിസർവ് ബാങ്ക് ഒരുങ്ങുന്നത്.

രാജ്യത്തെ 1.55 ലക്ഷം വരുന്ന പോസ്‌റ്റോഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയുടെ വക്കിലാണ്. ഇവിടുത്തെ ജീവനക്കാർ തൊഴിൽനഷ്ടമാകുമെന്ന ഭീതിയിലും. ഇതിനെടാണ് പോസ്‌റ്റോഫീസുകൾക്ക് ബാങ്കിഗം അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇപ്പോഴത്തെ നിലയിൽ പരമ്പരാഗതമായ പോസ്റ്റ്മാൻ ബിസിനസ് കറസ്‌പോണ്ടന്റായി പ്രവർത്തിക്കേണ്ടി വരും. രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്‌റ്റോഫീസുകൾ ഉണ്ടെങ്കിലും ബാങ്കിംഗിനായി നെറ്റ്‌വർക്കിങ് സംവിധാനം ഒരുക്കേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി.

ഇത് രാജ്യത്തെ ബാങ്കിങ് മേഖലയ്ക്കും പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. പോസ്‌റ്റോഫീസികൾ കൂടാതെ സ്വകാര്യ മേഖലയിൽ പുതിയ ബാങ്കുകൾക്ക് കൂടിയും സർക്കാർ അനുമതി നൽകി. പേയ്‌മെന്റ് ബാങ്കുകൾ തുടങ്ങാൻ 11 സ്ഥാപനങ്ങൾക്കാണ് റിസർവ് ബാങ്ക് തത്വത്തിൽ അനുമതി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർല നുവോ, വോഡഫോൺ, എയർടെൽ, തപാൽ വകുപ്പ്, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസസ്, ടെക് മഹീന്ദ്ര, നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), ഫിനോ പേടെക്, ദിലീപ് സാംഘ്‌വി (സൺ ഫാർമ), വിജയ് ശേഖർ (പേ ടിഎം) എന്നിവരാണ് ആദ്യഘട്ട അനുമതി നേടിയത്. ഇവർ 18 മാസത്തിനുള്ളിൽ റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കണം. നിക്ഷേപം സ്വീകരിക്കൽ, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കൽ, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങളാണ് പേമെന്റ് ബാങ്കുകൾക്ക് നടത്താനാവുക.

ഒരാളിൽനിന്ന് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാം. വായ്പയോ ക്രെഡിറ്റ് കാർഡോ നൽകാനാവില്ല. എടിഎം- ഡെബിറ്റ് കാർഡ് നൽകാം. മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിൽക്കാനും തടസ്സമില്ല. എൻആർഐ അക്കൗണ്ട് തുടങ്ങാനാവില്ല. കഴിഞ്ഞ നവംബറിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചു ലഭിച്ച 41 അപേക്ഷകളാണു റിസർവ് ബാങ്ക് പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് ഫിനാൻസും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ മുത്തൂറ്റിന് ബാങ്ക് പരിഗണന ലഭിച്ചിട്ടില്ല. ഭാവിയിൽ, ഓരോ അപേക്ഷയും കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് നടപടിയെടുക്കാനാണ് ആലോചനയെന്നും റിസർവ് ബാങ്ക് പറഞ്ഞു.

ഇപ്പോൾ അനുമതി നൽകിയതിന് പുറമേ നേരത്തെ രണ്ട് ബാങ്കുകൾക്കും റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ബന്ധൻ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കാണ് സമ്പൂർണ വാണിജ്യ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയത്. അടിസ്ഥാന സൗകര്യ വികസനത്തിനു സാമ്പത്തിക പിന്തുണ നൽകുന്ന കമ്പനി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഐഡിഎഫ്‌സി ലിമിറ്റഡിനു ബാങ്കിങ് ലൈസൻസ് ലഭിച്ചത്. ഐഡിഎഫ്‌സി ബാങ്കിന്റെ പ്രവർത്തനം ഒക്‌ടോബർ ഒന്നിന് ആരംഭിക്കും. തുടക്കം 20 ശാഖകളോടെയായിരിക്കും. തുടക്കത്തിൽത്തന്നെ 'ലോൺ ബുക്ക്' 55,000 കോടി രൂപയുടേതായിരിക്കുമെന്നാണു സൂചന. ആദ്യ ദിനം മുതൽ തന്നെ ലാഭം രേഖപ്പെടുത്താനാകുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു. മൂന്നു വർഷത്തിനകം ഇടപാടുകാരിൽ ഭൂരിപക്ഷവും ഗ്രാമങ്ങളിൽനിന്നായിരിക്കുമെന്നും കരുതുന്നു. വൻ മുതൽമുടക്കോടെ വിപുലമായ ശാഖാശൃംഖല തീർക്കുന്നതിനോട് ഐഡിഎഫ്‌സി ബാങ്കിനു താൽപര്യമില്ലെന്നാണ് അറിയുന്നത്. 'ബ്രാഞ്ച് ബാങ്കിങ്' സമ്പ്രദായം കാലക്രമേണ ശുഷ്‌കമാകുമെന്നും സ്മാർട്‌ഫോണുകളായിരിക്കും ബാങ്കിങ് രംഗത്ത് ആധിപത്യം നേടുകയെന്നുമാണു ബന്ധപ്പെട്ടവരുടെ കണക്കുകൂട്ടൽ.

മൈക്രോഫിനാൻസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ബന്ധൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണു ബന്ധൻ ബാങ്ക് എന്ന പേരിൽ നിലവിൽവരുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജി ഉദ്ഘാടനം ചെയ്യുന്ന ബാങ്കിനു തുടക്കത്തിൽത്തന്നെ 630 ശാഖകളുണ്ടായിരിക്കും; 250 എടിഎമ്മുകളും. ആദ്യ ശാഖകളിലൊന്നു കൊച്ചിയിലായിരിക്കും. തുടക്കത്തിൽ ഒരു കോടി അക്കൗണ്ടുകൾ ലക്ഷ്യമിടുന്ന ബാങ്കിനു രണ്ടു വർഷത്തിനകം 1000 ശാഖകളുണ്ടാകുമെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സി.എസ്. ഘോഷ് പറയുന്നു.

ഇങ്ങനെ പുതുമേഖലാ ബാങ്കുകൾ പുതിയ ബാങ്കുകൾ വരുന്ന മുറയ്ക്കു ചില പഴയ ബാങ്കുകൾ ഇല്ലാതാകാനും സാധ്യത. സാധ്യത പട്ടികയിൽ ഭാരതീയ മഹിള ബാങ്കിന്റെ പേരിനാണു മുൻതൂക്കം. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഭാരതീയ മഹിള ബാങ്കിനെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചാലോ എന്നാണു ധന മന്ത്രാലയത്തിന്റെ ആലോചന. എസ്‌ബിഐയാകട്ടെ സ്വീകരിക്കാൻ തയാർ. ആയിരം കോടി രൂപ മാത്രം മൂലധനമുള്ള ബാങ്കിന് 60 ശാഖകളേയുള്ളൂ. കിട്ടാക്കടം ഒട്ടുമില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകൾ എസ്‌ബിഐയിൽ ലയിപ്പിക്കുന്ന കാലവും വിദൂരമല്ല.കേരളം ആസ്ഥാനമായുള്ള ചില സ്വകാര്യ ബാങ്കുകളും ക്രമേണ അന്യാധീനപ്പെട്ടേക്കാം. പല വലിയ ബാങ്കുകൾക്കും കേരള ബാങ്കുകളിൽ നോട്ടമുണ്ട്.