ന്യൂഡൽഹി: കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടുവെന്ന് റിലയൻസ് ജിയോ. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പഞ്ചാബിൽ മാത്രം റിലയൻസ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകൾ കർഷകർ തകർത്തുവെന്നാണ് റിലയൻസ് ജിയോ ആരോപിക്കുന്നു. ടവറുകൾ തകർത്തതിനു പിന്നാലെ സംസ്ഥാനത്ത് ടെലികോം സേവനങ്ങൾ വ്യാപകമായി തടസപ്പെട്ടതായും ജിയോ ആരോപിക്കുന്നത്. സംഭവത്തെ അപലപിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

അതേസമയം കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുകയാണ്. കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രവുമായുള്ള ഏഴാംവട്ട ചർച്ചകൾ ഇന്ന് നടക്കും. ചർച്ചയിൽ സമവായമായില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്നാണ് കർഷകസംഘടനകളുടെ മുന്നറിയിപ്പ്.