- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക സമരം കൊടുമ്പിരി കൊള്ളവേ കർഷകരുമായി കരാറിൽ ഏർപ്പെട്ട് റിലയൻസ്; സർക്കാർ താങ്ങുവിലയേക്കാൾ കൂടുതൽ തുക കർഷകർക്ക് നൽകി നെല്ല് ഏറ്റെടുത്തത് കർണാടകയിലെ കർഷകരിൽ നിന്നും; മണ്ഡി മാർക്കറ്റുകൾ ഇല്ലാതാക്കാനുള്ള കോർപ്പറേറ്റ് തന്ത്രമെന്ന കുറ്റപ്പെടുത്തലുമായി കർഷകർ
ബംഗളുരു: ഡൽഹിയിൽ കർഷക രോഷം കൊടുമ്പിരി കൊള്ളവേ കർണാടകത്തിൽ കർഷകരുമായി ഡീൽ ഉറപ്പിച്ചു റിലയൻസ്. കാർഷിക മേഖലയിൽ യാതൊരു വിധ ഇടപാടിനും ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് റിലയൻസ് ഇത്തരമൊരു ഡീലുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. കാർഷികനിയമങ്ങൾ നടപ്പിലാക്കിയതിന് ശേഷം കോർപ്പറേറ്റും കർഷകരും തമ്മിൽ നടക്കുന്ന വലിയ കച്ചവടത്തിനാണ് കർണാടകയിൽ റിലയൻസ് തുടക്കം കുറിച്ചത്.
സിന്ധാനൂർ താലൂക്കിലെ കർഷകരിൽ നിന്നും 1000 ക്വിന്റിൽ സോന മസൂരി നെല്ലാണ് റിലയൻസ് വാങ്ങിയത്. 1,100 നെൽ കർഷകർ അംഗങ്ങളുള്ള സ്വാസ്ത്യ ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനിയുമായാണ് (എസ്.എഫ്.പി.സി) റിലയൻസുമായി രജിസ്റ്റർ ചെയ്ത ഏജന്റുമാർ കരാറിൽ ഒപ്പുവെച്ചത്. ഇത്തരത്തിൽ കർഷകരും കോർപ്പറേറ്റും തമ്മിൽ രാജ്യത്ത് രൂപം കൊടുത്തിരിക്കുന്ന ആദ്യത്തെ കരാറാണ് കർണാടകത്തിലേത്.
സർക്കാർ നിശ്ചയിച്ച താങ്ങുവിലയേക്കാൾ കൂടിയ തുകക്കാണ് കർഷകരിൽ നിന്നും റിലയൻസ് ഇപ്പോൾ നെല്ല് വാങ്ങിയിരിക്കുന്നത്. 1950 രൂപ ക്വിന്റലിന് എന്ന നിരക്കിലാണ് റിലയൻസ് വാങ്ങിയിരിക്കുന്നത്. 1868 രൂപയാണ് സർക്കാർ നിശ്ചിയിച്ചിരിക്കുന്ന താങ്ങുവില. തുടക്കത്തിൽ കൂടിയ തുകക്ക് കർഷകരിൽ വിളകൾ വാങ്ങുന്നത് കോർപ്പറേറ്റ് തന്ത്രമാണെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കൂടിയ തുകയും മറ്റു സൗകര്യങ്ങളും നൽകി ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കുന്നതോടൊപ്പം മറ്റു മാർക്കറ്റുകൾ(എ.പി.എം.സി മണ്ടി) ഇല്ലാതാക്കാനുള്ള തന്ത്രം കൂടിയാണ് ഇതെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
'തുടക്കത്തിൽ കൂടിയ താങ്ങുവില നൽകി ഈ കോർപ്പറേറ്റുകൾ കർഷകരെ പ്രലോഭിപ്പിക്കും. ഇതോടെ എംപി.എം.സി മണ്ടികൾ അഥവാ പ്രാദേശിക മാർക്കറ്റുകൾക്ക് പിടിച്ചുനിൽക്കാൻ പറ്റാതാകും. എന്നാൽ പിന്നീട് ഈ കോർപ്പറേറ്റുകൾ കർഷകരെ ചൂഷണം ചെയ്യാൻ തുടങ്ങും. ഇവരുടെ ഗൂഢതന്ത്രങ്ങൾ തിരിച്ചറിയണം.' കർണാടകയിലെ കർഷക നേതാവായ ഹാസിരു സൻസേ ചാമരാസ മാലിപട്ടീൽ പറഞ്ഞു.
അതേസമയം ഹരിയാനയിലും പഞ്ചാബിലും കർഷകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംഘർഷത്തിൽ കലാശിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന കാർഷിക നിയമ അനുകൂല സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കർഷക പ്രതിഷേധക്കാരും കേന്ദ്ര സർക്കാരും തമ്മിൽ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ഏഴുവട്ടം ചേർന്ന ചർച്ചകളും പരാജയമായിരുന്നു
കേന്ദ്രം കർഷകരുമായി ഇതുവരെ നടത്തിയ അവസാന ചർച്ചയും പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കർഷകരുമായി ഏഴാംഘട്ട ചർച്ച നടന്നത്. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചർച്ചയും പരാജയപ്പെട്ടത്. നാലിന അജണ്ട മുൻനിർത്തിയാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ കഴിഞ്ഞ തവണ തയ്യാറായത്. ഇതിൽ രണ്ട് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തിരുന്നു. വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു. ന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഏഴാമത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചിരുന്നു.
മറുനാടന് ഡെസ്ക്