കൊച്ചി: റിലയൻസിന് ഇനി കേരളത്തിൽ കോർപ്പറേറ്റ് ക്വട്ടേഷന്റെ മുഖം. പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള സാധാരണക്കാരന്റെ വായപ്കൾ പിരിച്ചെടുക്കുന്ന ക്വട്ടേഷൻ ജോലികൾ ഇനി റിലയൻസ് ചെയ്യും. വിദ്യാഭ്യാസ വായ്പകൾ പിരിച്ചെടുക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറാണ് റിലയൻസുമായി ക്വട്ടേഷൻ ഇടപാടിനു തുടക്കം കുറിച്ചതെങ്കിലും സംഗതിയുടെ രസം കണ്ട് എസ്.ബി.ഐ ഉൾപ്പടെയുള്ള പല പൊതുമേഖലാബാങ്കുകളും റിലയൻസുമായി കരാറായിക്കഴിഞ്ഞു. ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാനായി റിലയൻസ് ഒരു കമ്പനി തന്നെ രൂപീകരിക്കുന്നുണ്ട്. വലിയ ഓഫീസും മറ്റുമൊക്കെയായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞ റിലയൻസ് ഓഫീസുകൾ ബാങ്കുകളുടെ കിട്ടാക്കുറ്റിക്കാരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

കമ്പനിക്ക് വൻ ലാഭം കിട്ടുന്ന വിധത്തിലാണ് ബാങ്കുകളുമായുള്ള കരാർ. ശരിക്കും കാൽവെട്ട്, തലവെട്ട് ക്വട്ടേഷൻകാരുടെ ശൈലിയാണ് ഇക്കാര്യത്തിൽ റിലയൻസിന് ഉള്ളത്. തിരിച്ചു കിട്ടാനുള്ള വായ്്പത്തുകയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന റിലയൻസ് ഇതിലേക്ക് മുൻകൂറായി ഒരു തുക അടയ്ക്കും. തുകയുടെ മൂന്നിലൊരു ഭാഗം അടച്ചു കഴിഞ്ഞാൽ ബാക്കി തുക റിലയൻസിനു പിരിച്ചെടുക്കാം. ബാങ്ക് പിന്നെ ഒന്നും ചോദിക്കില്ല. ഈ സൗകര്യം വായ്പയെടുത്ത് പണം തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് ബാങ്ക് നൽകിയാൽ ഇന്ന് തിരിച്ചടവായി കിട്ടാനുള്ള വായ്പത്തുക ലോണെടുത്തവർ തന്നെ അടയ്ക്കുമെന്നിരിക്കെയാണ് റിലയൻസിന് ഈ ഔദാര്യം ബാങ്കുകൾ നൽകുന്നത്.

എസ്.ബി.ടി.യുമായി റിലയൻസ് ഉണ്ടാക്കിയ കരാർ ഇങ്ങനെയാണ്: എസ് ബി ടിക്കു കിട്ടാക്കടമുള്ളത് 136 കോടി രൂപ. ആദ്യം റിലയൻസ് ഒമ്പതു കോടി രൂപ അടച്ചാൽ കുടിശ്ശികയായ 136 കോടി രൂപ പിരിച്ചെടുക്കാനുള്ള അവകാശം റിലയൻസിന് ലഭിക്കും. മുഴുവൻ തുകയും പിരിച്ചെടുത്തു കഴിഞ്ഞാൽ 54 കോടി രൂപ കൂടി റിലയൻസ് എസ് ബി ടിക്കു നൽകണം. അപ്പോൾ റിലയൻസ് കൊടുക്കുന്ന മൊത്തം തുക 63 കോടി രൂപ. ബാക്കി തുക റിലയൻസിന് എടുക്കാം. അതായത് റിലയൻസിന് ലാഭം 73 കോടി രൂപ. മൊത്തം ബാങ്കുകളിൽനിന്ന് മൂന്നേകാൽ ലക്ഷം കോടി രൂപയാണ് പിരിച്ചു കിട്ടാനുള്ളത്. ഇതു കൂടി റിലയൻസിനു കിട്ടിയാൽ ബാക്കി കോർപ്പറേറ്റുകളും അവരുടെ കിട്ടാക്കടം പിടിക്കാൻ പുതിയ ക്വട്ടേഷൻ തേടി ഇറങ്ങിയെന്നു വരും.

ക്വട്ടേഷൻകാർ ടൈയും കോട്ടുമിട്ട് വിലകൂടിയ കാറിൽ ലോൺ പിരിക്കാൻ വരുന്ന കാലത്തിലേക്കാണ് മാറുന്നത്. ബ്ലേഡുകാർ പണം പിരിക്കാൻ വിടുന്നവരെ 'കുരുവി' യെന്നാണു വിളിക്കുക. അതുപോലെ കുരുവിയുടെ റോളിലാണ് ഇനി റിലയൻസുകാർ നമ്മുടെ വീടുകളിലെത്തുക. ക്വട്ടേഷൻകാർ വരുന്ന കാറിന്റേയും കഴിച്ച ഭക്ഷണത്തിന്റേയും ചെലവ് ബാങ്കുകൾ നോട്ടീസ് ചെലവ് എന്നുപറയുന്നതു പോലെ ഇനി നൽകേണ്ടി വരും. ക്വട്ടേഷൻ നടപ്പിലാക്കാൻ ബാങ്കിന് പൊലിസ് സംരക്ഷണവും നൽകിയാൽ പൊലിസ് ചെലവിലാകും ലോൺ തുക പിരിച്ചെടുക്കൽ.

എന്നാൽ റിലയൻസിന്റെ നീക്കത്തിനെതിരെ കേരള നിയമസഭ ഒന്നടങ്കം രംഗത്തു വന്ന് നിയമം പാസ്സാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പി.സി. വിഷ്ണുനാഥ് കൊണ്ടു വന്ന സബ്മിഷന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഈ സമ്മേളനത്തിൽ തന്നെ പ്രതിപക്ഷവുമായി ആലോചിച്ച് നിയമം പാസ്സാക്കി കേന്ദ്രസർക്കാരിന് അയച്ചു കൊടുക്കാനാണ് നീക്കം.

കേരളത്തിന്റെ കണ്ണീരിന്റെ ആദായം കൈപ്പറ്റേണ്ടതുണ്ടോ എന്ന് അംബാനിയോട് കത്തിലൂടെ ചോദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബാങ്കുകൾ വായ്പ പിരിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികളെ ഏൽപ്പിക്കുന്നത് നിയമപ്രകാരം നില നിൽക്കില്ലെന്നാണ് ഹൈക്കോടതിയിലെ അഭിഭാഷകനായ എ.എൻ.സതീഷ്‌കുമാർ പറയുന്നത്. വ്യക്തികളും സ്ഥാപനങ്ങളും മറ്റും ബാങ്കുകളുമായി ഉണ്ടാക്കുന്ന കരാറിരിക്കെ, ബാങ്കുകൾക്ക് അവരുടെ മാത്രം താൽപ്പര്യങ്ങൾക്കനുസരിച്ച് മറ്റൊരു ഏജൻസിയെ പണപ്പിരിവിനായി വിടുന്നത് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.