- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക വിമർശന പരാമർശത്തിൽ നൂപുർ ശർമ്മയുടെ അറസ്റ്റ് ഓഗസ്റ്റ് 10 വരെ സുപ്രീം കോടതി തടഞ്ഞു; വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നാക്കുന്നതിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കോടതി; വിവാദത്തിന്റെ പശ്ചാത്തലത്തിൽ നൂപുറിനെ കൊല്ലാനെത്തിയ പാക് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: പ്രവാചക വിമർശന കേസിൽ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മക്ക് താൽക്കാലിക ആശ്വാസം. വിവാദ കേസിൽ നൂപുർ ശർമ്മുയുടെ അറസ്റ്റ് ഓഗസ്റ്റ് 10 വരെ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഒരു കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് നൂപുർ ശർമ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ തനിക്കെതിരെയുള്ള ഒമ്പത് എഫ്.ഐ.ആറുകളും ഒരുമിച്ച് ചേർക്കണമെന്നായിരുന്നു നൂപുറിന്റെ ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നൂപുറിനെ അറസ്റ്റ് ചെയ്യുന്നത് ഓഗസ്റ്റ് 10 വരെ കോടതി വിലക്കി. വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് കേന്ദ്ര സർക്കാറിനും നൂപുറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാറുകൾക്കും കോടതി നോട്ടീസ് അയച്ചു.
എല്ലാ കേസുകളും ഡൽഹി കോടതിയിലേക്ക് മാറ്റുന്നതാണോ നുപുറിന് താൽപര്യം എന്ന് സുപ്രീംകോടതി ആരാഞ്ഞു. നിലവിലുള്ള എഫ്.ഐ.ആറുകളിലോ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പുതുതായി അവർക്കെതിരെ രജിസ്റ്റർ ചെയ്‌തേക്കാവുന്ന ഏതെങ്കിലും എഫ്.ഐ.ആറിലോ നൂപുറിനെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ഇവരുടെ ഹർജി പരിഗണിച്ച അതേ ബെഞ്ചാണ് ഇത്തവണയും കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 10 ന് വീണ്ടും പരിഗണിക്കും.
അതേസമയം നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ. പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നെത്തിയ ആൾ രാജസ്ഥാനിൽ പിടിയിലായതായി നുപുർ ശർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ അതിർത്തിയിലെ ഹിന്ദുമൽക്കോട്ട് ഔട്ട്‌പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായതെന്ന് ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് വിവരം കിട്ടിയതായാണ് കോടതിയെ അറിയിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ദി ബഹോദ്ദീൻ സ്വദേശിയായ റിസ്വാൻ അഷ്‌റഫാണ് പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ നപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ മൊഴി നൽകിയതായും അഭിഭാഷകൻ അറിയിച്ചു.
റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അജ്മീർ ദർഗ സന്ദർശിച്ച ശേഷം നുപുർ ശർമയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഐബി, റോ, മിലിട്ടറി രഹസ്യാന്വേഷണ വിഭാഗം എന്നിവർ ചേർന്ന് റിസ്വാൻ അഷ്‌റഫിനെ ചോദ്യം ചെയ്ത് വരികയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.