- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും; വന്യ മൃഗങ്ങളും മുനമ്പവും ആശങ്കയായി നില്‍ക്കുമ്പോഴും പ്രത്യാശയുടെ ആഘോഷ ഓര്‍മ പുതുക്കി കേരളത്തിലെ ക്രൈസ്തവ സമൂഹവും; എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
കൊച്ചി: യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവര്‍. പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളായ ഈസ്റ്റര്‍ നല്‍കുന്നത് സ്‌നേഹത്തിന്റേയും കരുതലിന്റേയും സന്ദേശമാണ്. 50 ദിവസത്തെ നോമ്പാചരണത്തിനൊടുവിലാണ് ഈസ്റ്റര്‍ ആഘോഷം. ഓശാന ഞായറും പെസഹയും ദുഃഖവെള്ളിയും ആചരിച്ചാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ശനിയാഴ്ച വൈകിട്ട് മുതല്‍ പല ദേവാലയങ്ങളിലും ഈസ്റ്റര്‍ കുര്‍ബാനകളും ആഘോഷങ്ങളും തുടങ്ങി. കേരളത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും നടന്നത്. എല്ലാ മാന്യ വായനക്കാര്‍ക്കും മറുനാടന്‍ മലയാളിയുടെ ഈസ്റ്റര്‍ ആശംസകള്‍.
കേരളത്തില്‍ വിവിധ രൂപതയുടെ കീഴിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി 7 മുതല്‍ ഈസ്റ്റര്‍ കുര്‍ബാനകളും പ്രാര്‍ഥനകളും നടത്തി. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നു കരുതുന്ന പുലര്‍ച്ചെ സമയത്താണ് സാധാരണ ഈസ്റ്റര്‍ കുര്‍ബാന ചൊല്ലാറ്. എന്നാല്‍ വന്യമൃഗ ശല്യം മൂലം വയനാട് ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയില്‍ ശനിയാഴ്ച രാത്രി ഈസ്റ്റര്‍ കുര്‍ബാന ചൊല്ലി. താമരശേരി രൂപതയുടെ ചില ഇടവകകളിലും ശനിയാഴ്ച രാത്രിയായിരുന്നു കുര്‍ബാന. താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനില്‍ ഞായാഴ്ച പുലര്‍ച്ചെ മൂന്നിന് താമരശേരി മേരിമാതാ കത്തീഡ്രല്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചു.
എറണാകുളം തിരുവാങ്കുളം സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. ഓരോ ഇടവകകളിലും ഈസ്റ്റര്‍ കുര്‍ബാനയുടെ സമയത്തില്‍ മാറ്റമുണ്ടാകും. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ മുട്ടകള്‍ ദേവാലയങ്ങളില്‍ വിതരണം ചെയ്തു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത അര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ഈസ്റ്റര്‍ നല്‍കുന്നത് പ്രത്യാശയുടെ സന്ദേശമെന്നും ലോകത്തിന് ഇപ്പോള്‍ ഏറ്റവും ആവശ്യം പ്രത്യാശയാണെന്നും ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പറഞ്ഞു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷ ചടങ്ങുകളില്‍ ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രത്യാശ വേണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മലയോരത്തെ വന്യമൃഗശല്യവും മുനമ്പം വിഷയവുമെല്ലാം ക്രൈസ്തവ സഭകളില്‍ ആശങ്കയായി പടരുന്നുണ്ട്. മുനമ്പത്ത് അടക്കം ആശഭങ്കയുടേതാണ് ഈ ഈസ്റ്റര്‍.