- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍; പള്ളികളില്‍ പാതിരാ കുര്‍ബ്ബാനകളും പ്രത്യേക പ്രാര്‍ഥനകളും; സാഹോദര്യ സ്നേഹത്തിന്റെ ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍;
തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു. യുദ്ധകലുഷിതമായ അന്തരീക്ഷത്തിലാണ ്ഇന്ന് ലോകത്തിന്റെ നാനാ കോണിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. സിറിയയിലും യുക്രൈനിലും റഷ്യയിലുമെല്ലാം യുദ്ധാന്തരീക്ഷത്തിലാണ് ആഘോഷങ്ങള്‍. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാനകളും പ്രാര്‍ഥനകളും നടന്നു.
കേരളത്തില്‍ വിപുലമായി തന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നു. തിരുപ്പിറവിയുടെ സൂചകങ്ങളായ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വീടുകളില്‍ സ്ഥാനം പിടിച്ചിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് പള്ളികളില്‍ രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെ നിരവധി പേരാണ് ക്രിസ്മസ് ആശംസള്‍ നേര്‍ന്നു.
മതവിശ്വാസങ്ങള്‍ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസചിയല്‍ പറഞ്ഞു. യേശുക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തില്‍ പരാമര്‍ശിച്ചു.
മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്രിസ്തുമസ് ആശംസ നേര്‍ന്നു. ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങളും പ്രത്യാശയും ഉണ്ടാക്കാന്‍ കഴിയുന്നതാകട്ടെയെന്ന് ആശംസിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രത്യാശയുടേത് കൂടിയാണ് തിരുപ്പിറവി. നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും മറികടന്ന് സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് തിരുപ്പിറവി നല്‍കുന്നത്.
പ്രത്യാശയുടെ മോചകന്‍ പിറന്നതിന്റെ ആഘോഷമാണ് തിരുപ്പിറവി ദിനത്തില്‍ നടക്കുന്നത്. പ്രപഞ്ചത്തിന്റെയും ലോകത്തിന്റെയും എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി സ്വന്തം മോചനമൂല്യം നല്‍കിയ ആളാണ് യേശുക്രിസ്തു. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൂടിയാണ് തിരുപ്പിറവി ആഘോഷം നാം ഓരോരുത്തര്‍ക്കും നല്‍കുന്നത്. ക്രിസ്തുവിന്റെ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് ജീവിതത്തില്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവരുടെ സങ്കടങ്ങള്‍ കൂടി പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും തീഷ്ണമായ പ്രയത്നങ്ങളും നടത്താന്‍ സാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തിന്റെ ആരംഭം..
ക്രിസ്തു വര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബര്‍ 25 ക്രിസ്മസ്സായി ആചരിക്കാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. ക്രൈസ്തവമായി മാറിയ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള്‍ക്കും പേഗന്‍ മതവിശ്വാസികള്‍ക്കും പൊതുവായ ഒരാഘോഷദിനമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്. 24 ന് തന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങും. ക്രിസ്മസ് നാളില്‍ പുല്‍ക്കൂടൊരുക്കുകയും നക്ഷത്ര വിളക്ക് തൂക്കുകയും ചെയ്തു. അന്ന് മുതലാണ് ക്രിസ്തുമസ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
ക്രിസ്മസ് നാളുകളില്‍ സമ്മാനവുമായി എത്തുന്ന സാന്താക്ലോസിനായി കുട്ടികള്‍ ഇന്നും കാത്തിരിക്കാറുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്താക്ലോസായി മാറിയതെന്നാണ് പറയുന്നത്. ചുവന്ന കുപ്പായവും തൊപ്പിയുമണിഞ്ഞ് മാനുകള്‍ വലിക്കുന്ന തെന്നുവണ്ടിയില്‍ പുഞ്ചിരിച്ച് കൊണ്ട് വരുന്ന നരച്ച മുടിയും താടിയുമുള്ള സാന്താക്ലോസ്, ക്രിസ്മസ് നാളുകളില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീടിന്റെ ചിമ്മിനിയൂടെ അകത്തേയ്ക്ക് ഇട്ടുകൊടുക്കുമെന്നാണ് വിശ്വാസം.
മറുനാടന്‍ മലയാളിയുടെ പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...