എ വി ഇട്ടി, മാവേലിക്കര

വെളളം കുടിച്ചു കൊണ്ടിരുന്ന കാക്ക മണ്‍കുടത്തോടു ചോദിച്ചു: 'നിന്നെ തീയില്‍ ചുട്ടാണു് ഉണ്ടാക്കുന്നതു്. എന്നിട്ടും ഈ ചൂടുകാലത്തു്, നിന്റെയുളളിലെ ഈ വെള്ളത്തെ നീയെങ്ങനെയാണു തണുപ്പിക്കുന്നതു്?' കുടം പറഞ്ഞു: 'എന്നെ സൃഷ്ടിച്ച മണ്ണിന്റെ നനവു് ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്നുണ്ടു്'.

കടന്നു പോകുന്ന വഴികള്‍, ജീവിതത്തെ വികൃതമാക്കരുതു്; വിശുദ്ധമാക്കുകയേ, ആകാവൂ. നാം ആവിഷ്‌ക്കരിക്കുന്ന പദ്ധതികളെക്കാള്‍, വന്നു ചേരുന്ന ആകസ്മീകതകള്‍, ജീവിതത്തെ നിയന്ത്രിച്ചുവെന്നു വരാം? തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയോ സ്വാതന്ത്ര്യമോ ഇല്ലാതെ, ജീവിതം അതിന്റെ ഗതി നിശ്ചയിക്കുമ്പോള്‍, കീഴടങ്ങുന്നവരുണ്ടാകും; അതിജീവിക്കുന്നവരുമുണ്ടാകും? ഒരു പോറല്‍ പോലും ഏറ്റിട്ടില്ല എന്നതല്ല ജീവിതത്തിന്റെ സൗന്ദര്യം. ഒരു ദുര്‍ഘട സന്ധിയിലൂടെയും സഞ്ചരിച്ചിട്ടില്ല എന്നതല്ല യാത്രയുടെ മഹാത്മ്യം. പതറിപ്പോയ വഴികളും, പ്രഹരമേല്പിച്ച സംഭവങ്ങളും നല്‍കിയ പാഠങ്ങളാണു പ്രധാനം.

ഓരോരുത്തരം ആത്യന്തികമായി എന്താണെന്നു്, അവര്‍ കടന്നു പോകുന്ന കഠിന വഴികളാണു നിശ്ചയിക്കുക? എല്ലാ പ്രതിസന്ധികളെയും തന്ത്രപൂര്‍വ്വം ഒഴിവാക്കു ന്നവരും, ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നവരുമുണ്ടു്? പ്രതികൂല സാഹചര്യങ്ങളില്‍ നിന്നെല്ലാം ഓടിയൊളിക്കുന്നവര്‍ക്കു്, സ്വയമഭിമാനിക്കാവുന്ന ഒരു മൂഹൂര്‍ത്തമെങ്കിലും, ജീവിതത്തില്‍ ഉണ്ടാകാനിട യില്ല! ഒരാള്‍ എന്തായി തീരുന്നുവെന്നതു്, ഏതെല്ലാം വഴികളിലൂടെ അയാള്‍ സഞ്ചരിച്ചു എന്നതിന്റെ ബാക്കിപത്രമാണു്.

അടിസ്ഥാന മൂല്യങ്ങളെ, ആവശ്യങ്ങള്‍ക്കു വേണ്ടി ബലികഴിക്കരുതു്. ഏതു് അനിഷ്ടത്തിലൂടെ സഞ്ചരിക്കുമ്പോഴും, നശിക്കരുതാത്ത ചില സ്വാഭാവിക നന്മകളുണ്ടു്. അവയെ ബലി കൊടുത്താല്‍പ്പിന്നെ, ജീവിതത്തിന്റെ തനിമയോ തന്മയോ നിലനിര്‍ത്താനാകില്ല. അനര്‍ത്ഥങ്ങളെന്നു നാം കരുതുന്നവയ്‌ക്കെല്ലാം, കാലം ചില അര്‍ത്ഥങ്ങള്‍ രൂപപ്പെടുത്തും? ഇത്തിരി നനവിനു വേണ്ടി, ഒത്തിരി പക്ഷികള്‍,

നമ്മെ വട്ടം ചുറ്റുന്നുണ്ടാവും? സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

എ വി ഇട്ടി, മാവേലിക്കര,

94950 17850 (Mob)