കൊല്ലൂർ: ഇത്തവണ മാർച്ചിൽ നടക്കുന്ന ഉത്സവത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവി എഴുന്നള്ളുക പുതിയ ബ്രഹ്മരഥത്തിൽ.രണ്ട് കോടിരൂപ ചെലവിൽ തേക്കിലും ആവണിപ്ലാവിലുമായാണ് രഥത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.രഥം തേക്കിലും അതിൽ മൂകാംബികാദേവി ഇരിക്കുന്ന പീഠം ആവണിപ്ലാവിലുമാണ് നിർമ്മിച്ചത്.രഥസമർപ്പണ ചടങ്ങുകൾക്ക് നാളെ ക്ഷേത്രത്തിൽ തുടക്കമാകും.ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക.

കർണാടക രാഷ്ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായണ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്ന് രണ്ടുവർഷംകൊണ്ടാണ് രഥമൊരുക്കിയത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിന് അരികിലായി ചില്ലുകൂട്ടിൽ സ്ഥാപിക്കും.

ബ്രഹ്മരഥസമർപ്പണ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും.ബ്രഹ്മരഥം ശുദ്ധീകരിച്ച് വൈകിട്ട് ആറോടെ വാസ്തുഹോമവും രാത്രിയോടെ രഞ്ജുബന്ധന ഹോമവും നടക്കും.16-ന് പുലർച്ചെ ആറിന് പഴയ രഥത്തിൽ ശക്തിവിസർജനഹോമം നടത്തും. തുടർന്ന് പുതുതായി നിർമ്മിച്ച രഥത്തിലേക്ക് ശക്തിപകരാനായി മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ പഞ്ചകാലതത്ത്വ ഹോമം നടത്തും.

ശേഷം പീഠപൂജ. തുടർന്ന് ഉച്ചയ്ക്ക് 12.15-ന് അഭിജിത് മുഹൂർത്തത്തിൽ പ്രധാന ചടങ്ങായ ബ്രഹ്മരഥസമർപ്പണം നടക്കും. മുരുഡേശ്വര ക്ഷേത്രം മാനേജിങ് ട്രസ്റ്റി സുനിൽ ആർ.ഷെട്ടിയാണ് രഥനിർമ്മാണത്തിന്റെ ചെലവ് വഹിച്ചത്.വർഷാവർഷം നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്.കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന പുഷ്പ രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്.

പ്രഥമദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത്. സുവാസിനി പൂജ, ചണ്ഡികഹോമം തുടങ്ങിയവ ഉണ്ടാകാറുണ്ട്. അതോടെ കേരളത്തിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് ഭക്തരും ക്ഷേത്രത്തിലേക്ക് എത്തുന്നു. തുടർന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ മഹാചണ്ഡികാഹോമവും സുവാസിനിപൂജയും വൈകിട്ട് രഥോത്സവവും നടക്കുന്നു.

എല്ലാ ഭക്തരും തൊഴുതിറങ്ങിയ ശേഷം രാത്രി വൈകി മാത്രമേ അന്ന് നടയടയ്ക്കുകയുള്ളു. വിജയദശമിനാളിൽ രാവിലെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബികാസന്നിധിയിൽ ആദ്യാക്ഷരം കുറിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മൂകാംബികാസന്നിധിയിലേയ്ക്ക് ഭക്തർ വരാറുണ്ട്. അന്ന് വൈകീട്ട് നടക്കുന്ന വിജയയാത്രയോടെ നവരാത്രിച്ചടങ്ങുകൾ അവസാനിക്കുന്നു.