തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ കുംഭത്തിലെ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 4.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടിനും തുടക്കമാകും.മാർച്ച് ഏഴിന് രാവിലെ 10.30-നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യം.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷം പണ്ടാര അടുപ്പിൽ മാത്രമായി പൊങ്കാല സമർപ്പണം പരിമിതപ്പെടുത്തിയിരുന്നു. ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. ഇക്കുറി പരമ്പരാഗത രീതിയിൽ നഗരമെങ്ങും പൊങ്കാലക്കളമാകും. നിവേദിക്കാൻ 300 പൂജാരിമാരെ ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൊങ്കാല ഉത്സവനാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-ലെ പൊങ്കാലയ്‌ക്കെത്തിയ ഭക്തരേക്കാൾ 40 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഉണ്ടായ തിരക്കുമായി താരതമ്യപ്പെടുത്തി പൊലീസും ജില്ലാ ഭരണകൂടവുമാണ് ഇതു വിലയിരുത്തിയതെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തുടങ്ങുന്നത്. തിങ്കളാഴ്ച പുലർച്ചെ 2.30-ന് ദേവിയെ പള്ളിയുണർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ബുധനാഴ്ച രാവിലെ 9.20-ന് കുത്തിയോട്ട വ്രതാരംഭം. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി പണ്ടാരയോട്ടത്തിന് ഒരു ബാലൻ മാത്രമേ വ്രതം അനുഷ്ഠിച്ചിരുന്നുള്ളൂ. ഇത്തവണ 10-നും 12-നുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കുത്തിയോട്ടം. 747 ബാലന്മാർ വ്രതംനോൽക്കും.

കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവദിവസമായ മാർച്ച് ഏഴിനാണ് പൊങ്കാല. കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ ശ്രീകോവിലിൽനിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി.കേശവൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹമേൽശാന്തി അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും.

കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികളെ രാത്രി 7.45-ന് ചൂരൽകുത്തും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനുശേഷം പിറ്റേന്ന് രാവിലെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിനു കുരുതിതർപ്പണത്തോടെ ഉത്സവത്തിനു സമാപനമാകുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ, സെക്രട്ടറി കെ.ശിശുപാലൻനായർ, ചെയർമാൻ എ.ഗീതാകുമാരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ കൃഷ്ണൻനായർ പി.കെ., വി.ശോഭ, അജിത്കുമാർ എം.എ. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.