- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി; ഇനി ഉത്സവ നാളുകൾ; കോവിഡാനന്തര പൊങ്കാലയ്ക്ക് പ്രതീക്ഷിക്കുന്നത് അമ്പത് ലക്ഷം ഭക്തരെ; സുരക്ഷയ്ക്ക് 5 എസ്പിമാരുടെ നേതൃത്വത്തിൽ 800 വനിതകൾ ഉൾപ്പെടെ 3300 പൊലീസുകാർ; തിരുവനന്തപുരം ആകെ ഉത്സവ ലഹരിയിൽ; പൊങ്കാല മാർച്ച് ഏഴിന്; ആറ്റുകാലിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
തിരുവനന്തപുരം: ആറ്റുകാലിൽ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി. ഇനി ഉത്സവ നാളുകൾ. മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കോവിഡിന് ശേഷമുള്ള ആദ്യ പൊങ്കാല. അതുകൊണ്ട് തന്നെ ഇത്തവണ പൊങ്കാലയിടാൻ 50 ലക്ഷം പേർ എത്തുമെന്നാണ് കരുതുന്നത്. ഇതു കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ സ്ത്രീകളുടെ പൊങ്കാലയിടൽ മറ്റൊരു ലോക റിക്കോർഡാകുമെന്നാണ് പ്രതീക്ഷ.
സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കുന്നതിനുമായി 5 എസ്പിമാരുടെ നേതൃത്വത്തിൽ 800 വനിതകൾ ഉൾപ്പെടെ 3300 പൊലീസുകാരെ നിയോഗിക്കും. 65 സ്ഥലങ്ങളിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ആകെ നിരീക്ഷണ കാമറകളുടെ എണ്ണം 120. ഉത്സവമേഖലയിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിപണനവും കർശനമായി തടയാനുള്ള നടപടികളും ഉണ്ടാകും. ഉത്സവ ദിനത്തിൽ കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 3,000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും.
ഉത്സവ മേഖലയിൽ അഗ്നിരക്ഷാസേനയുടെ 6 കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കും. ഫീൽഡിൽ ഡ്യൂട്ടിക്കായി 15 സ്റ്റേഷൻ ഓഫിസർമാരും,10 സ്പെഷൽ ടാസ്ക് ഫോഴ്സും, 110 സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും നിയോഗിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാംപുകൾ ഉണ്ടാകും. ഹെൽത്ത് സർവീസിന്റെ 10 ആംബുലൻസും 108ന്റെ 2ആംബുലൻസും കോർപറേഷന്റെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കി. 6മെഡിക്കൽ ക്യാംപുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
ദർശനത്തിന് ക്യൂവിൽ നിൽക്കുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യും. ക്ഷേത്രത്തിലെ അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാൽലക്ഷത്തോളം പേർക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികളുണ്ടാകും. ഇന്നു മുതൽ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്കു മുന്നിൽ പ്രത്യേകം നിർമ്മിച്ച പന്തലിലാണ് തോറ്റംപാട്ട്. തിരുവനന്തപുരം നഗരം ആകെ ഉത്സവ ലഹരിയിലാണ്. കോവിഡിന് ശേഷമുള്ള പൊങ്കാല ആഘോഷമാക്കുകയാണ് നഗരം.
പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമാണെന്ന് ഉറപ്പിക്കും. ഉച്ചഭാഷിണി ഉപയോഗത്തിന് മുൻകൂർ അനുമതി വാങ്ങണം. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നതെന്ന് പ്രത്യേകം ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റ്രേഷൻ നിർബന്ധമാക്കി. ഹരിത പ്രോട്ടോക്കോൾ പരിശോധനയ്ക്കായി സ്ക്വാഡ് സജീവമായി പ്രവർത്തിക്കും. പ്രത്യേക സർവീസുകൾ നടത്താനും കൺട്രോൾ റൂമുകൾ ആരംഭിക്കാനും തീരുമാനിച്ചു. ബസുകൾക്ക് പാർക്കിങ് സൗകര്യവും കണ്ടെത്തും.
പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി രൂപയാണ്. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷൽ ഓഫിസർ ചുമതല തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസിനാണ്. അടിയന്തര നിർമ്മാണശുചീകരണ നടപടികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപ അനുവദിച്ചു. തദ്ദേശ വകുപ്പ് അനുവദിച്ച തുകയ്ക്ക് പുറമേ കോർപറേഷൻ 5.2 കോടി രൂപ കൂടി ചെലവിടും.
മറുനാടന് മലയാളി ബ്യൂറോ