തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ അണിനിരക്കുന്ന പൊങ്കാലയ്ക്ക് അനന്തപുരി ഒരുങ്ങി. ലക്ഷക്കണക്കിന് സ്ത്രീകൾ തിരുവനന്തപുരത്ത് എത്തി കഴിഞ്ഞു.നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി. ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർത്ഥനകൾ മാത്രം. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. കോവിഡ് നിയനന്ത്രണമില്ലാതെ വീണ്ടും പൊങ്കാല എത്തുകയാണ്.

ചൊവ്വാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും തീ പകരും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും.

ഇതിനു പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് 2.30-ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. വൈകീട്ട് 7.45-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി 10.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തു തുടങ്ങും. ബുധനാഴ്ച രാവിലെ എട്ടിന് അകത്തേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതിതർപ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും.

ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് ഇക്കുറി 2 വനിതകളാണ്. ക്ഷേത്ര ട്രസ്റ്റ് ചെയർപഴ്‌സൻ എ.ഗീതാകുമാരിയും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മിയുമാണ് അമരത്ത്. 10 ദിവസം നീണ്ട ഉത്സവ നടത്തിപ്പിൽ നിർണായക ചുമതലകൾ രണ്ടു വനിതകളുടെ ചുമലിൽ എത്തുന്നത് ആറ്റുകാലിന്റെ ചരിത്രത്തിൽ ആദ്യം. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആകെ നിയന്ത്രണം ട്രസ്റ്റിനാണ്.

നിലവിലെ ചെയർപഴ്‌സനായ എ. ഗീതാകുമാരി 2008 ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. 2020 ൽ ഭരണ സമിതിയിലെത്തി. കഴിഞ്ഞ വർഷം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യ വനിതാ അധ്യക്ഷയാകുന്നത്. ദേവിയുടെ അനുഗ്രഹത്താൽ പൊങ്കാല ഉത്സവ നടത്തിപ്പിനു ചുക്കാൻ പിടിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഗീതാകുമാരി പറഞ്ഞു. ദി ഹിന്ദു മുൻ ചീഫ് ഓഫ് ബ്യൂറോ കെ.എം. തമ്പിയാണ് ഭർത്താവ്.

ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മി 2017 ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. അമ്മ ഗോമതിയമ്മയ്ക്ക് സുഖമില്ലാതായപ്പോഴാണ് ജയലക്ഷ്മിക്ക് അംഗത്വം കൈമാറിയത്. 2021 ൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ എത്തി. എല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നും ചുമതല വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. ടെക്നോപാർക് മുൻ സിഇഒ വി.ജെ.ജയകുമാർ ആണ് ഭർത്താവ്.

ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. ശോഭയാണ്. ക്ഷേത്ര ചരിത്രത്തിലെ ആദ്യ ഉത്സവ കമ്മിറ്റി ജനറൽ കൺവീനറായിരുന്നു ശോഭ. സ്വീകരണ കമ്മിറ്റി കൺവീനർ പ്രസന്നാ നായരും വൊളന്റിയർ കമ്മിറ്റി കൺവീനർ എസ്.ഷീലയും ഉത്സവ കമ്മിറ്റിയിലെ വനിതാ മുഖങ്ങളാണ്. ചട്ടമ്പി സ്വാമി സ്മാരക കമ്മിറ്റി കൺവീനർ പി. പ്രഭാകുമാരി, ഓഡിറ്റോറിയം കമ്മിറ്റി കൺവീനർ ജെ. സുശീല കുമാരി, പബ്ലിക്കേഷൻ കമ്മിറ്റി കൺവീനർ എസ്. ശോഭന, ഓഡിറ്റ് കമ്മിറ്റി കൺവീനർ ബി. ശാന്തമ്മ എന്നിവരാണ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ സ്ഥാനങ്ങളിലുള്ള വനിതകൾ.

ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. പൊലീസ്, അഗ്‌നിരക്ഷാസേന, കോർപറേഷൻ, ആരോ??ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ചൊവ്വാഴ്ച റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തും.