തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം പൂർണ്ണമായ പ്രൗഡിയിൽ നടന്ന ആറ്റുകാൽ പൊങ്കാലയുടെ പുണ്യം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി.ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ഭക്ത ലക്ഷങ്ങൾ.രണ്ടരയോടെയാണ് പൊങ്കാല നിവേദിച്ചത്.വെള്ളപ്പൊങ്കൽ, കടും പായസം, തെരളി, മണ്ടയപ്പം... അമ്മയുടെ ഇഷ്ട വിഭവങ്ങളെല്ലാം ഭക്തർ ദേവിക്ക് അർപ്പിച്ചു.രണ്ടുവർഷക്കാലത്തെ എല്ലാ സങ്കടങ്ങളും അമ്മയ്ക്ക് മുൻപിൽ കെട്ടഴിച്ച് നിറഞ്ഞമനസ്സോടെയാണ് ഭക്തർ മടങ്ങുന്നത്.

പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും പിന്നാലെ ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്.രാവിലെ 10.30ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപത്താൽ മേൽശാന്തി പി.കേശവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത്. തുടർന്ന് സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്‌നി തെളിയിക്കുകയായിരുന്നു.പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി. പിന്നാലെ ഭക്തരുടെ പൊങ്കാലയടുപ്പുകളിലും തീ തെളിഞ്ഞു.തുടർന്ന് 2.30 ന് പൊങ്കാല നിവേദിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.

രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരൽക്കുത്ത് ആരംഭിക്കും.തുടർന്ന് 10.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും.കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വർഷമായി പൊങ്കാലയുടെ ശോഭയ്ക്ക് ചെറിയ രീതിയിൽ മങ്ങലേറ്റിരുന്നു.എന്നാൽ ഇത്തവണ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കിയിരുന്നു.കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരും വിദേശികളും എത്തിയിരുന്നു.

പൊങ്കാലക്കെത്തിയ ഭക്തരാൽ ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞു കവിഞ്ഞ നിലയായിരുന്നു.കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്.ഇതര ദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു.ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു.പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്.

ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിർത്തിയിൽ വലിയ വാഹനങ്ങൾക്കോ, ചരക്ക് വാഹനങ്ങൾക്കോ പ്രവേശനമില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തർ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാർക്കിംഗില്ല. നിവേദ്യം അർപ്പിച്ച് ഭക്തർ മടങ്ങിയതോടെ ഇനി നഗരം പൂർവ സ്ഥിതിയിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൊങ്കാല അടുപ്പുകൾക്കായി ഉപയോഗിച്ച കല്ലുകൾ ലൈഫ് മിഷന്റെ വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നാണ് നേരത്തെ മേയർ വ്യക്തമാക്കിയത്.