- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുക്കൾ പൂർത്തിയായി; തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കാൻ ആറ്റുകാൽ പൊങ്കാല നാളെ; പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് രണ്ടരയ്ക്ക്; ഇന്ന് ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
തിരുവനന്തപുരം: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ആറ്റുകാൽ പൊങ്കാലയെ അതിന്റെ എല്ലാ പ്രൗഡുയോടും കൂടി വരവേൽക്കാൻ തിരുവനന്തപുരമൊരുങ്ങി.ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും.ലക്ഷക്കണക്കിനു വനിതകൾ പൊങ്കാല അർപ്പിക്കാൻ എത്തുന്നതോടെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെയും തലസ്ഥാനമായി തിരുവനന്തപുരം മാറും.
നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്.കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപംപകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും.തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്നശേഷം സഹമേൽശാന്തിമാർക്കു കൈമാറും. വലിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലും അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും.
ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം പകരും.ഇതോടെയാണ് ചടങ്ങുകൾ പൂർത്തിയാവുക.ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം.രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങൾ, ഹെവി വാഹനങ്ങൾ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ആളുകളുമായി വരുന്ന വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ്‌കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഭക്തജന ബാഹുല്യം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്.പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങളും
ചൂട് വളരെ കൂടുതലായതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ടീമിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.
ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക.
ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക.
ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക.
കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ വെള്ളം നൽകണം.
പൊള്ളൽ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം.
പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.
ഭക്ഷണം കരുതലോടെ
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകണം.
തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത്.
പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക.
മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം.
ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ