ഷിമോഗ: ഭദ്രാവതി രൂപതയുടെ രൂപതാ സമ്മേളനം ഒക്ടോബർ 22ന് തുടങ്ങും. 25വരെയാണ് സമ്മേളനം. വൈദികരും സന്യസ്ഥരും അൾമായരും ഉൾപ്പെടെ 70 അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കർണ്ണാടകത്തിലെ ഷിമോഗ, ചിക്കമംഗളൂർ എന്നീ ജില്ലകൾ ഉൾടുന്നതാണ് ഭദ്രാവതി രൂപത. രൂപതാ അധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്തിന്റെ നേതൃത്വത്തിലാണ് രൂപതയുടെ പ്രവർത്തനങ്ങൾ.

രൂപതയുടെ പ്രത്യേക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായ വികസനവും പഠിക്കുകയാണ് ലക്ഷ്യം. 'ഭദ്രാവതി രൂപത ഒരു കുടുംബമായി ഒന്നിച്ച് പ്രാദേശിക സഭയെ പടുത്തുയർത്തൽ' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാകും ചർച്ചകൾ. ക്ലാസുകളും അവതരണങ്ങളും പൊതു ചർച്ചകളും തുറന്ന സംഭാഷണങ്ങളും രൂപതയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് നടത്തും.

ആദിലാബാദ് രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന അഭിവന്ദ്യ മാർ ജോസഫ് കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ, മാർ അലക്‌സ് താരാമംഗലം, പ്രൊഫ ഡെയ്‌സൺ പാണേങ്ങാടൻ, ഫാ ടോമി കരിയിലക്കുളം എന്നിവർ സംസാരിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തേക്ക് രൂപതയുടെ വികസനത്തിന് കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും.

രൂപതാ സമൂഹത്തിന്റെ കൂട്ടായ വളർച്ചയ്ക്കും വികസനത്തിനും ദൗത്യത്തിനും വേണ്ടിയുള്ള ഐക്യത്തിന്റേയും പ്രതിബദ്ധതയുടേയും സാക്ഷ്യമാകും സമ്മേളനമെന്ന് രൂപത വിശദീകരിച്ചു. 2007ലാണ് മാനന്തവാടി രൂപത വിഭജിച്ച് കർണ്ണാടകയിലെ ഷിമോഗ ജില്ല ഉൾപ്പെടുത്തി ഭദ്രാവതി രൂപതയുടെ സ്ഥാപനവും രൂപതാധ്യക്ഷനായി റവ. ജോസഫ് അരുമച്ചാടത്ത് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നത്. 201ൽ മാനന്തവാടി രൂപതയിലെ ചിക്ക് മാംഗ്ലൂർ ജില്ല ഭദ്രാവതി രൂപതയിലേക്ക് കൂട്ടിച്ചേർത്തു