സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ഭാരത കത്തോലിക്കാ സഭയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് സ്ഥാനാരോഹണം ചെയ്യും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യന്‍ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.

വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (51). ഒന്നര മണിക്കൂറാണ് ഇന്നത്തെ ചടങ്ങുകളുടെ ദൈര്‍ഘ്യം. നാളെ രാവിലെ 9.30നു പഴയ കര്‍ദിനാള്‍മാരും പുതുതായി സ്ഥാനമേറ്റ കര്‍ദിനാള്‍മാരും മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാന അര്‍പ്പിക്കും.

മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണു ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹകാര്‍മികരാവും.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ പ്രത്യേക കേന്ദ്രസംഘവും സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.