കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ഞായറാഴ്ച മൂന്നിന് സ്ഥാനമേല്‍ക്കും. ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്മാര്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ പങ്കെടുക്കും. റോമിലെ പൊന്തിഫിക്കല്‍ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് സാല്‍വത്തോരോ പെനാകിയോയുടെ മുഖ്യകാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍.

ഓഗസ്റ്റ് 15-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ നിയമിച്ചത്. ഇറ്റലിയിലെ മാള്‍ട്ട നയതന്ത്രകാര്യാലയത്തില്‍ ജോലിചെയ്യവേയാണ് നിയമനം. എറണാകുളം ജില്ലയില്‍ പള്ളിപ്പുറം മഞ്ഞുമാത ഇടവകയില്‍ പരേതനായ സ്റ്റാന്‍ലിയുടെയും ഷേര്‍ളിയുടെയും മകനായ ഡോ. ഡെന്നിസ് 1991 ഡിസംബര്‍ 23-നാണ് കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായത്.