കോഴിക്കോട്: ത്യാഗസ്മരണകളോടെ ഇന്നു ബലിപ്പെരുന്നാൾ ആഘോഷം. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപ്പെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം.

മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ആത്മാർപ്പണത്തിന്റെ ആഘോഷം എന്ന അർഥത്തിലാണ് ഈദുൽ അദ്ഹ എന്ന ബലി പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുന്നത്. ലോക മുസ്ലീങ്ങളുടെ ഈ ആഘോഷത്തെ മലയാളികൾ വലിയ പെരുന്നാൾ എന്നു ഹൃദയവായ്‌പോടെ വിളിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് വിശ്വാസം.

ഹജ്ജ് പെരുന്നാൾ എന്നും വിളിക്കപ്പെടുന്ന ബലിപ്പെരുന്നാളിന്റെ ഭാഗമായി അറഫയിൽ ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ മനുഷ്യസാഗരം തീർത്തു. ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമത്തിൽ കണ്ണികളായ വിശ്വാസികളുടെ കണ്ഠങ്ങളിൽ നിന്നു തൽബിയ്യത്തിന്റെ മന്ത്രധ്വനികളുയർന്നു. ദേശ ഭാഷകൾക്കതീതമായി വന്നുചേർന്ന മാനവ സമൂഹങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ ഒത്തുകൂടി. താപനില 46 ഡിഗ്രി സെൽഷ്യസിലെത്തി നിൽക്കെ കൊടും ചൂടിനെ നേരിടാൻ തീർത്ഥാടകർക്ക് സഊദി ഭരണകൂടം വിശാല സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇക്കൊല്ലത്തെ ഹജ് ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടന്നു ഇന്നലെ മിനായിലെ ജംറയിൽ ആദ്യത്തെ കല്ലേറ് കർമം പൂർത്തിയാക്കിയ തീർത്ഥാടകർ മക്കയിൽ എത്തി കഅബ പ്രദക്ഷിണം നിർവഹിച്ചു. തുടർന്ന് ഇഹ്‌റാം വസ്ത്രം മാറി പുതുവസ്ത്രങ്ങൾ അണിഞ്ഞ് ബലിപ്പെരുന്നാൾ ആഘോഷിച്ചു. ശേഷം തിരികെ മിനായിൽ എത്തി. ഇന്നും നാളെയും ഇവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കി, കഅബയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.

ആദ്യ ദിവസത്തെ കല്ലേറു കർമം ഇന്ത്യൻ തീർത്ഥാടകർ സുഗമമായി നിർവഹിച്ചതായി ഹജ് കോൺസൽ മുഹമ്മദ് ജലീൽ പറഞ്ഞു. 150 രാജ്യങ്ങളിൽനിന്നുള്ള 18,45,045 പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്. ഇന്ത്യയിൽനിന്ന് 1,75,025 പേർക്കാണ് അവസരം ലഭിച്ചത്. കേരളത്തിൽനിന്ന് എത്തിയത് 11,252 തീർത്ഥാടകരും. തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാർ മസ്ജിദു നമിറയിലും ജബലുർറഹ്‌മയിലും എത്തിയതോടെ അറഫാ നഗരി പാൽക്കടലായി മാറി. അറഫായിൽ ളുഹറ്, അസറ്് നിസ്‌കാരങ്ങൾ നിർവഹിച്ച് സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് രാപാർക്കാനായി നീങ്ങി.

മുസ്ദലിഫയിൽ നിന്ന് ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് ഒരു രാത്രി മുഴുവൻ പ്രാർത്ഥനയിൽ കഴിഞ്ഞ് സുബ്ഹിയോടെ മിനായിലെത്തി ജംറയിലെ ആദ്യ ദിനത്തിലെ കല്ലേറ് കർമം നിർവഹിക്കും. ലോക സമാധാനത്തിനും പരസ്പര സ്നേഹത്തിനും പ്രാധാന്യം നൽകാൻ അറഫാ ഖുതുബക്ക് നേതൃത്വം നൽകി ശൈഖ് യൂസുഫ് ബിൻ സഈദ് ആഹ്വാനം ചെയ്തു.