- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കറ്റിൽ ചോക്ലേറ്റുകളുമായി കുഞ്ഞുങ്ങളുടെ ചാരെയെത്തുന്ന ഈശ്വര സാന്നിധ്യം; രോഗികൾക്കും അശരണർക്കും കാരുണ്യത്തിന്റെ കരുതലേകിയ കരങ്ങൾ; വീടില്ലാത്തവർക്കൊരു കൂരയുടെ തണലൊരുക്കിയ വടക്കൻ മലബാറിന്റെ സ്വന്തം സുക്കോളച്ചൻ; ഫാ: ലീനസ് മരിയ സുക്കോൾ ഇനി ദൈവദാസൻ
കണ്ണൂർ:വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി.കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ, കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം.പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇറ്റലിയിലെ ത്രെന്തോ അതിരൂപത ആർച്ച് ബിഷപ്പ് എമരിറ്റസ് ലൂയിജി ബ്രെസാൻ മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ വചനഘോഷണം നടത്തി.കനിവിന്റെ മാലാഖയെന്നറിയപ്പെടുന്ന സുക്കോളച്ചന്റെ ഒൻപതാം ചരമവാർഷികദിനത്തിലാണ് ദൈവദാസനായി അദ്ദേഹത്തെ ഉയർത്തിയത്.
ലീനസ് മരിയ സുക്കോൾ എന്ന ഇറ്റാലിയൻ ജെസ്യൂട്ട് വൈദീകനെ ചരിത്രം ഓർക്കുന്നത് കറകളഞ്ഞ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലാകും. സമൂഹത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്,സ്ഥലവും വീടും അദ്ദേഹം മുൻകൈയെടുത്ത് നിർമ്മിച്ച് നൽകി.അവർക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകളും അദ്ദേഹം തന്നെയാണ് നിർമ്മിച്ചുനൽകി.പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക്,തയ്യൽ മെഷീൻ,ഓട്ടോറിക്ഷ, കറവപ്പശു,ആട്, കോഴി തുടങ്ങിയവ നൽകി, വരുമാന സ്രോതസ്സ് ഒരുക്കി കൊടുക്കുകയും ചെയ്തു.
രോഗികൾക്ക് സാന്ത്വനമേകാൻ എന്നും മുന്നിലുണ്ടായിരുന്ന സുക്കോളച്ചൻ ചികിത്സാസഹായങ്ങൾ അവർക്കായി വിതരണം ചെയ്തു.ജാതി മത ഭേദമന്യേ അനേകായിരങ്ങൾക്ക്,സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി ജീവിച്ച സ്‌നേഹകാരുണികനാണ് സുക്കോളച്ചൻ എന്ന മലബാറിന്റെ മഹാ മിഷണറി.പതിനായിരങ്ങളെ നിസ്സഹായവസ്ഥയിൽ സഹായിക്കുമ്പോഴും പാവപ്പെട്ടവനിൽ പാവപ്പെട്ടവനായി ലളിതജീവിത നയിച്ച വ്യക്തിയായിരുന്നു ഫാ. സുക്കോൾ എന്നത് അദ്ദേഹത്തിന്റെ വിശുദ്ധിക്ക് നേർസാക്ഷ്യമാണ്.
ഇത്രയധികം നന്മകൾ ചെയ്തിട്ടും അതൊന്നും അത്ര വലിയ കാര്യങ്ങളല്ല എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിതം നയിച്ചിരുന്നത്.കണ്ണൂർ മരിയാപുരം ഇടവകപള്ളിയുടെ സമീപം, ഒരു ഫാൻ പോലുമില്ലാത്ത, മഴയത്ത് ചോർന്നൊലിക്കുന്ന ഒരു കുടുസ്സുമുറിയിൽ, ഒരു പലകക്കട്ടിലിൽ അന്തിയുറങ്ങന്ന ഒരു സന്യാസി.അതായിരുന്നു നാട്ടുകാർക്കും വിശ്വാസികൾക്കും ഏറ്റവും പ്രിയപ്പെട്ട സുക്കോളച്ചൻ. പ്രശസ്തിയോ പ്രതിഫലമോ സുഖസൗകര്യമോ ഈ ഭൂമിയിൽ തനിക്കുവേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.കാരണം ദൈവകൃപയുടെ പ്രതിഫലം മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ എന്നത് തന്നെയായിരുന്നു.
ജന്മം കൊണ്ട് ഇറ്റലിക്കാരനെങ്കിലും കർമ്മം കൊണ്ട് തനി മലയാളിയായ സുക്കോളച്ചൻ
വടക്കേ ഇറ്റലിയിലെ വാൽ ദി നോണിൽപ്പെട്ട സർനോണിക്കയിലാണ് സുക്കോൾ ജുസെപ്പെബാർബര ദമ്പതികളിൽ നിന്നും 1916 ഫെബ്രുവരി 8ാം തീയതി ലീനസ് മരിയ ജനിച്ചത്.1940 മാർച്ച് 4ന് ത്രെന്ത്രോ അതിരൂപതയിലെ 40 വൈദീകരോടൊപ്പം ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. മൂന്നു വർഷത്തിനുശേഷം ഈശോ സഭയിൽ അംഗമായി. ദൂരങ്ങളിലെ മിഷനിൽ പോയി പ്രവർത്തിക്കാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അങ്ങിനെ 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് തീവണ്ടിയിൽ കോഴിക്കോടും വന്നെത്തി.
പിന്നീട് വയനാട്ടിലെ ചുണ്ടേൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിലും തുടർന്ന്, 1954ൽ കണ്ണൂരിലെ ചിറക്കൽ മിഷനിലും സേവനത്തിനായി നിയോഗിക്കപ്പെട്ടു. മാടായി, പഴയങ്ങാടി, പിലാത്തറ, പട്ടുവം, പരിയാരം, പൂവം, ബക്കളം, അരിപ്പാമ്പ്ര, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, കായപ്പൊയിൽ, മടക്കാംപൊയിൽ, കുറുമാത്തൂർ, മരിയാപുരം എന്നീ മുപ്പതോളം ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സേവനത്താൽ അനുഗ്രഹീതമായവയാണ്. അവിടെയെല്ലാം ജാതി മത ഭേദമന്യേ, എല്ലാവരുടേയും പ്രിയമുള്ള സ്‌നേഹിതനും നിരാലംബരുടെ സഹായകനുമായി മാറി. 1980ൽ ഭാരത പൗരത്വം ലഭിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു.
പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി 1969ൽ ദീനസേവനസഭ സ്ഥാപിക്കാൻ ദൈവദാസി മദർ പേത്ര മോണിങ്മാനെ പ്രോത്സാഹിപ്പിച്ച് സഹായിക്കുകയും,കണ്ണൂർ ജില്ലയിലെ പട്ടുവത്തുള്ള മാതൃഭവനം ഉൾപ്പെടെ 16 ദീനസേവനസഭാ ഭവനങ്ങൾ അച്ചന്റെ നേതൃത്വത്തിലോ സഹകരണത്തിലോ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തുടങ്ങുകയും ചെയ്തു.ഫ്രാൻസിസ് മാർപാപ്പ 2022 ഓഗസ്റ്റിൽ ധന്യയായി ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ആത്മീയപാതയിൽ അത്താണിയായതും സുക്കോളച്ചനായിരുന്നു.സിസ്റ്റർ സെലിന്റെ ആധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായിരുന്നു സുക്കോളച്ചൻ.2022 ഒക്ടോബറിൽ അന്തരിച്ച കോൺഗ്രസ് നേതാവും ഡി.സി.സി. പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനി ഒരു ഓർമപ്രഭാഷണത്തിൽ പറഞ്ഞത്, പോക്കറ്റിൽ ചോക്കളേറ്റുകളുമായി കുഞ്ഞുങ്ങളുടെ ചാരെ എത്തുന്ന ഈശ്വര സാന്നിധ്യമായിരുന്നു സുക്കോളച്ചൻ എന്നായിരുന്നു.
പിറന്ന നാടും പരിചിത സാഹചര്യങ്ങളും സൗഭാഗ്യങ്ങളും വിട്ടുപേക്ഷിച്ച് കേരളത്തിലെത്തിയ അദ്ദേഹം ഭാഷ പഠിച്ചു. സംസ്‌കാരം സമന്വയിപ്പിച്ച് സ്വന്തമാക്കി. ഭക്ഷണം, താമസം, ജീവിതം എല്ലാം ലളിത തരമാക്കി.പ്രേഷിത തീക്ഷ്ണതയിൽ ഹൃദയം നിറച്ചു.കുട്ടികളെപ്പോലെ നിഷ്‌ക്കളങ്കതയോടെ എല്ലാവരോടും ഇടപെട്ടു.സുവിശേഷ സാന്ത്വനമായി ജീവിച്ചു.അങ്ങിനെ കണ്ണൂരിന്റെ കനിവിന്റെ മാലാഖ മനുഷ്യസ്‌നേഹത്തിന്റെ പര്യായമായി മാറുകയായിരുന്നു.തികച്ചും മാതൃകാപരമായസുക്കോളച്ചന്റെ ജീവിതത്തിൽ നിന്നും പഠിക്കാനും പകർത്താനും ഏറെയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ