- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമിൽ പോയി അപ്പസ്തോലിക് മിഷണറി പദവി 1907ൽ നേടിയ വൈദിക ശ്രേഷ്ഠൻ; ആത്മീയതയുടെ അളവുകോൽ കാണപ്പെടുന്ന സഹോദരങ്ങളോടുള്ള സ്നേഹമാണെന്നു പറഞ്ഞ പുരോഹിതൻ; അപേക്ഷിച്ചാൽ പാണ്ടിപ്പിള്ളിയച്ചൻ ഉപേക്ഷിക്കില്ല; തിയോഫിലസച്ചൻ പൗരോഹിത്യം അൾത്താരയിൽ ഒതുക്കാത്ത സ്നേഹ നിധി; തീരദേശത്തിന്റെ അപ്പോസ്തലൻ ദൈവദാസനാകുമ്പോൾ
പറവൂർ: ആത്മീയതയുടെ അളവുകോൽ കാണപ്പെടുന്ന സഹോദരങ്ങളോടുള്ള സ്നേഹമാണെന്നു പറഞ്ഞ വിശുദ്ധ അമ്മത്രേസ്യയുടെ മൊഴികൾ ജീവിതമാക്കി മാറ്റിയ വ്യക്തിയാണ് ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി. പൗരോഹിത്യം അൾത്താരയിൽ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തിൽ സ്നേഹവും സേവനവുമായി തണൽ വിരിക്കാനുള്ളതാണെന്നും പഠിപ്പിച്ച വൈദികൻ. ഇന്നത്തെ കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി, ആലപ്പുഴ രൂപതകളുടെ തീരദേശത്തുകൂടെ ഓടിനടന്ന് സുവിശേഷം പ്രസംഗിക്കുകയും അവശർക്കും ആലംബഹീനർക്കും സാന്ത്വനമായി മാറിയ പുരോഹിതൻ. ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയും ഇനി ദൈവദാസൻ. ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന മടപ്ലാതുരുത്ത് സെയ്ന്റ് ജോർജ് ദേവാലയത്തിലായിരുന്നു ദൈവദാസ പ്രഖ്യാപന ചടങ്ങുകൾ. ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ജാതിമത ഭേദമെന്യേ എല്ലാവരെയും സ്‌നേഹിച്ച പുണ്യാത്മാവ് ആയിരുന്നുവെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ ലത്തീനിലുള്ള ബൂള വായിച്ച് ദൈവദാസ പദവിപ്രഖ്യാപനം നടത്തി. രൂപതാ ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ മലയാള പരിഭാഷ വായിച്ചു. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി വിശദീകരണ പ്രസംഗം നടത്തി. വികാരി ഫാ. ജോസ് കോട്ടപ്പുറം, രൂപതാ വികാർ ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപതയിലെയും വരാപ്പുഴ അതിരൂപതയിലെയും സന്ന്യാസ സമൂഹങ്ങളിലെ നിരവധി വൈദികർ സഹ കാർമികരായി. നൂറുകണക്കിന് ഭക്തജനങ്ങൾ സംബന്ധിച്ചു. കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് രണ്ട് ബിഷപ്പുമാർ നേതൃത്വം നൽകി.
സാമൂഹ്യ പ്രവർത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്തീകരണം, സ്വയം തൊഴിൽ പദ്ധതികൾ, സമൂഹ വിവാഹം, ഭവന നിർമ്മാണം, വ്യദ്ധ ജനസംരക്ഷണം, പാപപ്പെട്ടവർക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകൽ തുടങ്ങിയവ അര നൂറ്റാണ്ടിനപ്പുറം ഭംഗിയായി നടപ്പാക്കിയ തിയോഫിലസച്ചൻ. ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്നും തീക്ഷ്ണതയും പ്രവർത്തനങ്ങളും കൊണ്ട് 'കേരള ഫ്രാൻസിസ് സേവ്യറെ'ന്നും അറിയപ്പെട്ട അദ്ദേഹം റോമിൽ പോയി സകലയിടങ്ങളിലും ക്രിസ്തുവിനെ പ്രഘോഷിക്കാനാവശ്യമായ അപ്പസ്തോലിക് മിഷണറി പദവി 10-ാം പിയൂസ് പാപ്പയിൽ നിന്ന് കരസ്ഥമാക്കിയിരുന്നു.
തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ ദൈവദാസ പദവി പ്രഖ്യാപനം 75-ാം ചരമവാർഷിക ദിനമായ 2022 ഡിസംബർ 26 നാണ് നടന്നത് എന്നതും പ്രത്യേകതയാണ്. ആന്മീയത സഹോദരസ്നേഹത്തിലൂടെ പ്രകടമാക്കിയ വ്യക്തിയാണ് ഫാ. പാണ്ടിപ്പിള്ളി. തീക്ഷ്ണമതിയായ സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു അദ്ദേഹം. ജാതി മത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ കാരുണ്യ മനുഭവിച്ചു.വടക്കേക്കര പഞ്ചായത്തിൽ വാവക്കാട് ഗ്രാമത്തിൽ 1860 ഒക്ടോബർ 10 നായിരുന്നു പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. 1947 ഡിസംബർ 26 ന് മടപ്ലാതുരുത്തിൽ വച്ച് അന്തരിച്ചു. തീരദേശത്തിന്റെ അപ്പോസ്തലൻ എന്നാണ് അച്ചനെ സഭ തന്നെ വിശേഷിപ്പിക്കുന്നത്.
ജീവിത കാലത്ത് തന്നെ അനേകം അത്ഭുതങ്ങൾ ദൈവം പാണ്ടിപ്പിള്ളിയച്ചൻ വഴി പ്രവർത്തിച്ചു എന്നാണ് പ്രചരിച്ചിട്ടുള്ളത്. 'ചാഴി വിലക്ക്' നടത്തുന്നതിന് ദൂരദേശത്തു നിന്നുപോലും ആളുകൾ അച്ചനെ തേടിയെത്തിയിരുന്നു. പിശാചു ബാധയൊഴിപ്പിക്കാനും അച്ചന്റെ സഹായം അന്വേഷിച്ചെത്തി. കടൽ തീരത്തെ അത്ഭുതകരമായ മീൻപിടുത്ത കഥയും പ്രസിദ്ധമാണ്. 2004 ൽ അച്ചന്റെ കബറിടത്തിൽ പ്രാർത്ഥിച്ച മൂന്ന് കുട്ടികൾക്ക് ദിവ്യദർശനം ലഭിച്ചു എന്നും വിശ്വാസമുണ്ട്. അപേക്ഷിച്ചാൽ പാണ്ടിപ്പിള്ളിയച്ചൻ ഉപേക്ഷിക്കില്ല എന്നാണ് വിശ്വാസം. ഒടുവിൽ ദൈവദാസനായി ഉയർത്തുകയാണ് തിയോഫിലസച്ചനേയും.
കോട്ടപ്പുറം രൂപതയിലെ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കബറിടം അനേകർക്ക് അനുഗ്രഹങ്ങളുടെ കലവറയായിത്തീരുന്നു. അതിന്റെ സാക്ഷ്യങ്ങളാണ് ആ കബറിടത്തിനു മുൻപിലെ കൽവിളക്കിൽ അണയാതെ കത്തുന്ന എണ്ണത്തിരികൾ.
ഭാരത ക്രൈസ്തവ പാരമ്പര്യത്തിനപ്പുറം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത്, എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ വടക്കേക്കര പഞ്ചായത്തിൽ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞു മാതാ ഇടവകയിൽ പാണ്ടിപ്പിള്ളി ജോസഫ് മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബർ 10 -ന് അദ്ദേഹം ജനിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്നാന സമയത്ത് നൽകപ്പെട്ടത്.
അക്കാലത്ത് പടർന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. സേവ്യർ തുടർന്ന് പള്ളിപ്പുറത്ത് പടമാടൻ കുടുംബത്തിൽപ്പെട്ട മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് വളർന്നത്. മുത്തച്ഛൻ വിശുദ്ധരുടെ ജീവചരിത്രവും സന്മാർഗ കഥകളും കൊണ്ട് അവന്റെ കുഞ്ഞ് മനസ് നിറച്ചു. അവനിൽ ദൈവവിളിയുടെ വിത്തുകൾ നാമ്പെടുത്തു തുടങ്ങി. മാതൃഭക്തനായ സേവ്യർ കർമ്മലീത്ത സഭയിൽ ചേർന്ന് സന്യാസ വൈദികനാകാൻ തീരുമാനമെടുത്തു. 1878 ൽ മഞ്ഞുമ്മൽ കർമ്മലീത്ത സഭയിൽ യോഗാർത്ഥിയായി. തിയോഫിലസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം 1886 ൽ ലെയോനാർദ് മെല്ലാനോ മെത്രാപ്പൊലീത്തയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
വൈദികനായശേഷം ഫാ. തിയോഫിലസ് ലത്തീനിൽ ആഴമായ പാണ്ഡിത്യം നേടി. ലെറീസ് എന്ന ഖണ്ഡകാവ്യം അദ്ദേഹം ലത്തീനിൽ രചിച്ചിട്ടുണ്ട്. രൂപതാ വൈദികരുടെ അഭാവത്തിൽ സന്യാസ വൈദികരെ ഇടവകകളുടെ ചുമതല ഏല്പിക്കുക അന്നും ഇന്നും സാധാരണമാണ്. പാണ്ടിപ്പിള്ളിയച്ചനും അവിഭക്ത വരാപ്പുഴ അതിരൂപതയിൽ പനങ്ങാട് സെന്റ് ആന്റണീസ്, കാര മൗണ്ട് കാർമ്മൽ, മതിലകം സെന്റ് ജോസഫ് ഇടവകകളിൽ വികാരിയായി ശുശൂഷ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭവന സന്ദർശനങ്ങൾ സമ്പന്നനിൽനിന്ന് ദരിദ്രനിലേക്ക് പങ്കുവയ്പിന്റെ പാലം പണിയുന്ന അനുഭവമായി മാറി. ഒരു കയ്യിൽ വടിയും മറുകയ്യിൽ ഭിക്ഷാ പാത്രവുമായി അലഞ്ഞ് കിട്ടുന്നതെല്ലാം അടുപ്പു പുകയാത്ത വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ആദ്യം സന്യാസാശ്രമത്തിലും പിന്നീട് ഇടവകകളിലുമാണ് തിയോഫിലസച്ചൻ പൗരോഹിത്യ ശുശൂഷ നിർവഹിച്ചത്. എന്നാൽ ഇടവകയുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് സ്വതന്ത്രമായി സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്താനുള്ള ഉൽകടമായ ആഗ്രഹം അദ്ദേഹം മനസിൽ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് പനങ്ങാട് ഇടവകയിൽ സേവനം ചെയ്യുമ്പോൾ 1907 ൽ പരിശുദ്ധ പിതാവിനെ നേരിൽ കണ്ട് ഈ ആഗ്രഹം ഉണർത്തിക്കാൻ റോമിലേക്ക് തിരിക്കുന്നത്. ഗോവയിൽ നിന്നാണ് റോമിലേക്ക് കപ്പൽ കയറിയത്. അന്ന് റോമിൽ ഉപരിപഠനം നടത്തിയിരുന്ന, പിന്നീട് വരാപ്പുഴയുടെ ആദ്യ തദ്ദേശീയ മെത്രാപ്പൊലീത്തയായി മാറിയ, ഫാ. ജോസഫ് അട്ടിപ്പേറ്റി അതിനാവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി. 10-ാം പിയൂസ് പാപ്പ സ്വതന്ത്രമായി എവിടെയും ചെന്ന് പ്രേഷിത പ്രവർത്തനം നടത്താനള്ള 'മിഷനറി അപ്പസ്തോലിക്ക്' എന്ന അധികാരപത്രം നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു.
നാട്ടിൽ തിരിച്ചെത്തിയ ഫാ. പാണ്ടിപ്പിള്ളി ഇന്ന് കോട്ടപ്പുറം രൂപതയുടെ ഭാഗമായ മടപ്ലാതുരുത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. വചന വിത്ത് വിതച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകർഷിച്ച് ജ്ഞാനസ്നാനം നൽകി. മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലാണ് പാണ്ടിപ്പിള്ളിയന്റെ കബറിടം. അദ്ദേഹത്തിന്റെ സുകൃത ജീവിതത്തിന് സാക്ഷികളായ ജനങ്ങൾ കബറിടത്തിൽ വന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. പ്രാർത്ഥിച്ചവർക്കെല്ലാം ആ പുണ്യചരിതന്റെ മാധ്യസ്ഥ്യത്തിന്റെ ആശ്വാസം അനുഭവിക്കാനും കഴിഞ്ഞു. ജീവിത പ്രതിസന്ധികളിൽ 'പുണ്യാളച്ചന്റെ കല്ലറയിൽ' പ്രാർത്ഥിക്കുന്ന പതിവ് ഈ പ്രദേശത്ത് രൂപപ്പെട്ടു. എല്ലാ വർഷവും ഡിസംബർ ഒന്ന് മുതൽ 26 വരെ പുണ്യശ്ലോകന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിവരുന്നു.
മറുനാടന് മലയാളി ബ്യൂറോ