- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ ഒന്നിന് 'അവതാരം'കളി ശീട്ടാക്കിയത് 600 പേർ ' സ്വയംവരം' 700 കടന്നു; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം സെപ്റ്റംബർ ഒന്നു മുതൽ; ഓൺലൈൻ ബുക്കിങ്ങ് താൽക്കാലികമായി നിർത്തി
ഗുരുവായൂർ: കണ്ണന്റെ കഥകളാടാൻ ചമയങ്ങൾക്ക് പുതു ശോഭ പകരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുകയാണ്. മെയ്ക്കോപ്പുകളെല്ലാം പുതുക്കിയും കേടുപാടുകൾ തീർത്തും ചമയവിഭാഗം കലാകാരന്മാർ തിരക്കിലാണ്. കിരീടം മുതൽ കാലിലെ കച്ചമണി വരെ നവീകരിച്ചു.
ഏറ്റവും പ്രധാനം കിരീടംതന്നെ.സ്വർണനിറമുള്ള തകിട് തയ്യാറാക്കലാണ് ആദ്യം. കിരീടം കഴിഞ്ഞാൽ മറ്റ് കോപ്പുകളുടെ അലങ്കാരപ്പണികളാണ്. കൃഷ്ണവേഷത്തിനുള്ള കിരീടത്തിന് കൃഷ്ണമുടിയെന്നാണ് പറയുന്നത്. കാതിലെ തോടകൾ, ചെവിപ്പൂക്കൾ, കഴുത്തിൽ തൂക്കുന്ന കഴുത്താരം, എരിഞ്ഞുമാല, നെല്ലിക്കമാല, മഞ്ഞ ഉത്തരീയം, ഉടുത്തുക്കെട്ട്, കച്ചമണി, തണ്ടപ്പുതപ്പ് തുടങ്ങിയവയും മിനുക്കം വരുത്തണം.
തുടർന്ന് മറ്റ് വേഷങ്ങൾക്കുള്ള പൊയ്മുഖങ്ങളും ചന്തം വരുത്തണം. നരകാസുരന്റെ പൊയ്മുഖമാണ് ഏറ്റവും വലുത്. ചമയവിഭാഗത്തിന്റെ ചുമതലയുള്ള രാജു കലാനിലയം, ചുട്ടി ആശാൻ കെ.ടി. ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ കൃഷ്ണനാട്ടം കളരിയിലാണ് നവീകരണം.
കൃഷ്ണനാട്ടം അരങ്ങിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളിയോഗം ആശാൻ സി. സേതുമാധവൻ അറിയിച്ചു. ആദ്യദിവസത്തെ 'അവതാരം' കളിക്ക് 600- ഓളം പേരാണ് ശീട്ടാക്കിയിട്ടുള്ളത്. പിന്നീട് വരുന്ന ' സ്വയംവരം' കളിക്ക് ബുക്കിങ് 700 കടന്നു. വേഷം, പാട്ട്, വാദ്യം, ചുട്ടി എന്നീ വിഭാഗങ്ങളിലായി ഒമ്പതു ആശാന്മാരടക്കം അറുപതിലേറെ പേരുണ്ട് ഗുരുവായൂരിലെ കൃഷ്ണനാട്ടം ടീമിൽ.
കൃഷ്ണനാട്ടം ഓൺലൈൻ ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്. സാങ്കേതിക തകരാറാണ് പ്രശ്നമെന്നു പറയുന്നു. ഇപ്പോൾ അവതാരം, സ്വയംവരം കളികൾക്ക് ഇത്രയധികം ബുക്കിങ് നേരിട്ട് കൗണ്ടർ മുഖേന വന്നതാണ്. കളി ഒന്നിന് 3000 രൂപയാണ് വഴിപാട് നിരക്ക്. ബുക്കിങ്ങിനുള്ള ഓൺലൈൻ സൗകര്യം തടസ്സപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉടനടി പരിഹാരമുണ്ടാക്കുമെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ