- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാലതയും സഹിഷ്ണുതയും ഉണ്ടായാൽ സഭാ തർക്കം തീരും; സഭകൾ തമ്മിൽ സമാധാനത്തോടെ പോകാൻ ഏതറ്റം വരെ പോകാനും തയ്യാർ: യാക്കോബായ സഭയുടെ നിലപാട് പറഞ്ഞ് പരിശുദ്ധ അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ
മഞ്ഞിനിക്കര: വിശാലതയും സഹിഷ്ണുതയും ഉണ്ടായാൽ സഭാ തർക്കം തീരുമെന്നും സഭകൾ തമ്മിൽ സമാധാനത്തോടെ പോകാൻ ഏതറ്റം വരെ പോകാൻ തയാറാണെന്നും സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. മഞ്ഞനിക്കര പെരുനാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടക സംഗമത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരോഹിത്യത്തിന്റെ ഉറവിടം സുറിയാനി സഭയാണ്. എന്നിട്ടും പരസ്പരം കലഹിച്ച് പോകുന്നത് അഭിലഷണീയമല്ലായെന്ന് ഓർമ്മിപ്പിക്കുന്നു. ഇരു വിഭാഗങ്ങൾക്കും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. വിശ്വാസികളുടെ ധനനഷ്ടം, ജീവഹാനി ഇതൊന്നും ആവശ്യമുള്ളതല്ല. ഇനിയും ആവശ്യമില്ല. ഇവിടെ സമാധാനപരമായ സാഹചര്യം പുലരാൻ ഇരുസഭയിലേയും നേതൃത്വത്തിലുള്ള എല്ലാവരും ശ്രമിക്കണം. കഴിഞ്ഞ കാലങ്ങളിൽ വിശ്വാസികളും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ചു. ഇതൊക്കെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.
പള്ളികൾ നഷ്ടപ്പെട്ട വിശ്വാസികൾ വച്ച പുതിയ പള്ളികൾ സന്ദർശിക്കാനാണ് ഇത്തവണത്തെ സന്ദർശനത്തിൽ താൽപര്യം കാണിച്ചതെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവ പറഞ്ഞു. സഭയിൽ സമാധാനം ഉണ്ടാക്കാനാണ് പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ ഇന്ത്യയിൽ വന്നത്. മഞ്ഞനിക്കരയിൽ അദ്ദേഹം കബറടക്കപ്പെട്ടത് ദൈവനിയോഗമാണെന്ന് കാലം വ്യക്തമാക്കുന്നു. രോഗം പോലും മറന്നാണ് ഇവിടെ വന്നതും ഇവിടെ താമസിച്ചതും. യേശു ക്രിസ്തുവിന്റെ ക്രൂശിലെ സ്നേഹത്തിന്റെ മറ്റൊരു പ്രതീകമാണ് മോർ ഏലിയാസ് തൃതീയൻ ബാവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരന്തരം സഭാ വിഷയത്തിൽ ഉൾപ്പെട്ട് പീഡനങ്ങൾ സഹിച്ച നിലവിലെ സഭയുടെ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയെ മാലയും കുരിശും നൽകി പാത്രിയർക്കീസ് ബാവ ആദരിച്ചു. ഇറാക്ക്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും ഇത്തവണ പെരുന്നാളിന് എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നിന് മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് 5.45 ന് മോർ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോർ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂർ ഭദ്രാസനം) മോർ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് 8.30 ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ യുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും . പരിശുദ്ധനായ മോർ ഏലിയാസ് ത്രിതീയൻ ബാവായുടെ കബറിങ്കലും, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പൊലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും നടത്തും.. തുടർന്ന് 10.30 ന് സമാപന റാസയും നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും .
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്