- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് മോർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത; ഐക്യകണ്ഠേന തെരഞ്ഞെടുപ്പ്; മലങ്കര മെത്രാപ്പൊലീത്തയാകുന്നത് സഭാ നിലപാടുകൾ കൃത്യമായി തുറന്നു പറയുന്ന വ്യക്തിത്വം
കൊച്ചി: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്തയായി (മെത്രാപ്പൊലീത്തൻ ട്രസ്റ്റി) ജോസഫ് മോർ ഗ്രിഗോറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 24 നു നടക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ്. ഐക്യകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പു. ഈ സ്ഥാനത്തേക്കു വേറെ നാമനിർദ്ദേശ പത്രികയുണ്ടായിരുന്നില്ല.
തുടർന്നു ജോസഫ് മോർ ഗ്രിഗോറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് അദ്ദേഹം. അത്മായ ട്രസ്റ്റി, വൈദിക ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവരെ ഇനി അസോസിയേഷൻ തെരഞ്ഞെടുക്കും. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. വൈദിക ട്രസ്റ്റിയായി ഫാ. ജോൺ ജോസഫ് പാത്തിക്കൽ, റോയി ഏബ്രഹാം കോച്ചാട്ട് കോർ-എപ്പിസ്‌കോപ്പ, ഫാ. റോയി ജോർജ് കട്ടച്ചിറ എന്നിവരാണു മത്സരരംഗത്തുള്ളത്.
അത്മായ ട്രസ്റ്റി സ്ഥാനത്തേക്കു സി.കെ. ഷാജി ചുണ്ടയിൽ, തമ്പു ജോർജ് തുകലൻ എന്നിവരും സഭാ സെക്രട്ടറി സ്ഥാനത്തേക്കു ബിബി ഏബ്രഹാം കടവുംഭാഗം, അഡ്വ.എൽദോ പടയാട്ടി, ജേക്കബ് സി. മാത്യു, സുരേഷ് ജെയിംസ് വഞ്ചിപ്പാലം എന്നിവരും മത്സരിക്കുന്നു.
ഡോ. കോശി എം. ജോർജാണു വരണാധികാരി. 24 നു രാവിലെ 11.15 മുതൽ ഉച്ചയ്ക്കു രണ്ടു വരെയാണു തെരഞ്ഞെടുപ്പ്. അന്നുതന്നെ ഫലപ്രഖ്യാപനം നടത്തും.
ഇടവക, ഭദ്രാസന തലങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 2500ൽപരം പ്രതിനിധികളാണു സഭയുടെ പാർലമെന്റ് എന്നറിയപ്പെടുന്ന അസോസിയേഷനിലെ അംഗങ്ങൾ. അഞ്ചു വർഷമാണു ഭരണസമിതിയുടെ കാലാവധി. മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ ഇളയ മകനായ മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം 1984 മാർച്ച് 25ന് വൈദീക പട്ടം കരസ്ഥമാക്കി.
1994 ജനുവരി 16ന് ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പൊലീത്തയായി വാഴിച്ചു. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായത്. സഭയുടെ രാഷ്ട്രീയ നിലപാടുകൾ അടക്കം തുറന്നു പറഞ്ഞുകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് മോർ ഗ്രീഗോറിയോസ്.
കേരളത്തിന്റെ മതസൗഹാർദത്തിനും സാഹോദര്യത്തിനും ഭംഗംവരുന്ന വിവാദങ്ങൾക്ക് വിരാമമിടണമെന്ന് അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുനന്ു. തങ്ങളുടെ അജഗണങ്ങളെ നേരായ മാർഗത്തിൽ നയിക്കാനുള്ള ഉത്തരവാദിത്വം ചുമതലപ്പെട്ടവർക്കുണ്ട്. അത് നിർവഹിക്കാനുള്ള അവകാശം തടയപ്പെടാൻ പാടില്ല.
മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യപ്പെടരുത്. ചില തെറ്റായ പ്രവണതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി തെറ്റുകൾ വിശകലനം ചെയ്ത് തിരുത്തപ്പെടുകയാണ് വേണ്ടത്. അതിന് പകരം പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ട് തെരുവിലിറങ്ങുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ