എറണാകുളം: മഹാശിവരാത്രി ദിനത്തിൽ ഭക്തരെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. കൊറോണ മഹാമാരിക്ക് ശേഷം എത്തുന്ന ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തി തുടങ്ങി.ഇനിയുള്ള മണിക്കൂറുകൾ ക്ഷേത്രവും പരിസരവും പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമാകും.ആലുവ മണപ്പുറത്തെ പ്രധാന ചടങ്ങായ ബലി തർപ്പണത്തിന് വൈകുന്നേരത്തൊടെ തുടക്കമാകും. ബലിതർപ്പണം നാളെ ഉച്ചവരെ നീളും.

പിതൃ മോക്ഷം തേടി പതിനായിരങ്ങൾ ആലുവ ശിവരാത്രി മണപ്പുറത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ടാകും.ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു. സുരക്ഷയ്ക്ക് മാത്രമായി 1200 ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തും. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റും അനുവദിച്ചിട്ടുണ്ട്.കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും രാവിലെ മുതൽക്കെ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.പ്രത്യേക പൂജകളും പ്രാർത്ഥനകളുമായി ക്ഷേത്രങ്ങൾ സജീവമാണ്.

മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേർന്നാണ് വരുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.വളരെ അപൂർവ്വമായ അവസരമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി എത്തുമ്പോൾ ഈ ദിവസം കൂടുതൽ അനുഗ്രഹപ്രദമാകുന്നുവെന്നും പറയപ്പെടുന്നു.മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.

ശിവപ്രീതിക്ക് പഞ്ചാക്ഷരി മന്ത്രങ്ങളുമായി ഭക്തർ കാത്തിരിക്കുന്ന ദിവസം കൂടിയാണ് ശിവരാത്രി.ത്രിമൂർത്തികളിൽ പ്രധാനിയാണ് പരമശിവൻ. ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി.പാലാഴിമഥനം നടത്തിയപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോകരക്ഷാർഥം പരമശിവൻ പാനം ചെയ്തു.ഭഗവാന് ആപത്ത് വരാതെ പാർവതി ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണു ശിവരാത്രി.