തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യംതേടി വിശ്വാസികൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസംഗമം 17-ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ നടക്കും. റംസാൻ 27-ാം രാവിലാണ് ആത്മീയക്കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. മക്ക, മദീന എന്നിവയ്ക്കുശേഷം ഈ രാത്രിയിൽ ഏറ്റവുമധികം വിശ്വാസികൾ ഒരുമിച്ചുകൂടുന്ന പ്രാർത്ഥനാവേദികൂടിയാണിത്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ലഹരിവിപത്തിനെതിരേ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. 50 ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

മഅ്ദിൻ കാമ്പസിൽ എല്ലാമാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാർത്ഥനാസംഗമത്തിന്റെ വാർഷികവേദിയാണ് റംസാൻ പ്രാർത്ഥനാസമ്മേളനം. റംസാൻ ഒന്നുമുതൽ വിവിധ ആത്മീയവൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിൻ റംസാൻ കാമ്പയിൻ ആരംഭിച്ചിരുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ ആത്മീയവേദികൾ, വൈജ്ഞാനിക സദസ്സുകൾ, റിലീഫ്, പഠന ക്യാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, ഓൺലൈൻ സെഷനുകൾ, അനുസ്മരണവേദികൾ എന്നിവ നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ പ്രാർത്ഥനാസമ്മേളനത്തിൽ സംഗമിക്കാനെത്തും.

സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും.

സമ്മേളനത്തിനെത്തുന്നവർക്ക് സ്വലാത്ത് നഗറിൽ സമൂഹ ഇഫ്താർ ഒരുക്കും. രാജ്യത്തുതന്നെ ഏറ്റവുമധികം പേർ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കുമിത്. രാത്രി ഒമ്പതിന് മുഖ്യവേദിയിൽ പ്രാർത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. അടിയന്തരാവശ്യങ്ങൾക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ് നഗരിയിൽ ക്യാമ്പ് ചെയ്യും. കൂടാതെ ഫയർഫോഴ്സിന്റെയും 5555 അംഗ വൊളന്റിയർ കോറിന്റെയും സേവനവുമുണ്ടാകും. വിവരങ്ങൾക്ക് പ്രത്യേക ഹെൽപ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 9645338343, 9633677722.

സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എ.സൈഫുദ്ദീൻ ഹാജി, സിദ്ദീഖ് സഖാഫി നേമം, സൈനുദ്ദീൻ നിസാമി, കുന്ദമംഗലം, ഖാലിദ് സഖാഫി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.