- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗം മണ്ണാറശാല അമ്മയാകും; പൂജാരിണിയായ അന്തർജനം 'വലിയമ്മ' ആകും; ഇനി ആ നിയോഗം സാവിത്രി അന്തർജനത്തിന്; ഉമാ ദേവിക്ക് ആചാരങ്ങളിൽ തീർത്ത വിട പറയൽ; ഇത്തവണ ആയില്യ ഉത്സവം ഉണ്ടാകില്ല; ആപാദ തീർത്ഥം അഭിഷേകത്തിൽ മണ്ണാറശ്ശാല നാഗപൂജയ്ക്ക് പിൻഗാമി വരുമ്പോൾ
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജനം സ്ഥാനമേൽക്കും. സമാധിയായ ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം വി സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം (83). കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചത്. രാത്രി വൈകി സംസ്‌കാരം നടത്തി. സംസ്‌ക്കാരചടങ്ങുകൾക്ക് മുന്നോടിയായി ആപാദ തീർത്ഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.
അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി ഉമാദേവി അന്തർജനം നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കൽ ചടങ്ങിന് 2016ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്. ഉമാദേവി അന്തർജനത്തിന്റെ അന്ത്യത്തെ തുടർന്ന് മണ്ണാറശാല ക്ഷേത്രത്തിൽ ഈ വർഷത്തെ ആയില്യം ഉണ്ടായിരിക്കുന്നതല്ല.
മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24-ന് അന്തരിച്ചപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് 'മണ്ണാറശാല അമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു.
മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു.
മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് 'മണ്ണാറശാല അമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തർജനത്തെ 'വലിയമ്മ' എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുക. മണ്ണാറശാല ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.
ബുധനാഴ്ച രാവിലെ 10.15നാണ് ഉമാദേവി അന്തർജനം സമാധിയായത്. ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്കായുള്ള പ്രത്യേക സ്ഥലത്താണ് രാത്രി വൈകി സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ